ഒ.ബി.സിയിൽ ഉപസംവരണത്തിന് നിർദേശം
text_fieldsന്യൂഡൽഹി: മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) കേന്ദ്ര ലിസ്റ്റിൽ ഉപസംവരണം കൊണ്ടുവരുന്ന കാര്യം സർക്കാറിെൻറ പരിഗണനയിൽ. ഒ.ബി.സി വിഭാഗങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകമായി ക്വോട്ട കൊണ്ടുവരുന്നതിനാണ് നിർദേശം.
കമീഷനെ നിയോഗിച്ച് ഒ.ബി.സി സബ്ക്വോട്ടയുടെ വേർതിരിക്കൽ നടത്തുക, ദേശീയ പിന്നാക്ക വിഭാഗ കമീഷൻ പുനഃസംഘടിപ്പിച്ച് ഇത്തരമൊരു വേർതിരിക്കൽ പരിഗണന വിഷയമായി ഉൾപ്പെടുത്തുക എന്നിവ വഴി പ്രത്യേക സംവരണം സാധ്യമാക്കാനാണ് ഉദ്ദേശ്യം.
ദേശീയതലത്തിൽ ഇത്തരമൊരു ഉപസംവരണം ഇല്ലെങ്കിലും ബിഹാർ പോലുള്ള ചില സംസ്ഥാനങ്ങളിൽ സംവരണത്തിനുള്ളിൽ സംവരണം കൊണ്ടുവന്നിട്ടുണ്ട്. ആന്ധ്രപ്രദേശിൽ ഒ.ബി.സി ലിസ്റ്റിലെ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ക്വോട്ട കൊണ്ടുവരാനുള്ള നീക്കം കോടതി തടഞ്ഞിരുന്നു. സാമുദായിക അടിസ്ഥാനത്തിൽ ഇത്തരമൊരു വേർതിരിവ് അനുവദിക്കാൻ പറ്റില്ലെന്നായിരുന്നു കോടതി നിലപാട്.
സംവരണത്തിെൻറ ആനുകൂല്യം പിന്നാക്കക്കാരിലെ മുന്നാക്കക്കാർക്ക് മാത്രമായി പോകാതിരിക്കാനുള്ള നിർദേശമെന്ന നിലയിലാണ് സംവരണത്തിനുള്ളിൽ സംവരണം കൊണ്ടുവരാൻ നീക്കംനടക്കുന്നത്. ഉപസംവരണത്തോട് വിവിധ പ്രാദേശിക കക്ഷികൾ എന്തു നിലപാട് സ്വീകരിക്കുന്നുവെന്നത് പ്രധാനമായിരിക്കും. ഏറ്റവും പിന്നാക്കം നിൽക്കുന്ന ജാതിവിഭാഗങ്ങൾക്ക് പ്രത്യേക സംവരണം കൊണ്ടുവന്ന് അവരെ പാർട്ടിയുമായി ചേർത്തുനിർത്താനുള്ള ബി.ജെ.പിയുടെ താൽപര്യമാണ് പുതിയ നീക്കത്തിനു പിന്നിൽ. യു.പിയിലും ബിഹാറിലും മഹാദലിത് വിഭാഗങ്ങളെ തങ്ങളുടെ കുടക്കീഴിൽ പിടിച്ചുനിർത്താമെന്ന് ബി.ജെ.പി കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.