നരസിംഹ റാവുവിനെയും മൻമോഹൻ സിങ്ങിനെയും പ്രശംസിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവും അന്നത്തെ മന്ത്രി മൻമോഹൻ സിങ്ങും 1991ൽ നടപ്പാക്കിയ സാമ്പത്തിക ഉദാരവത്കരണത്തെയും സമ്പദ്വ്യവസ്ഥ തുറന്നുകൊടുത്തതിനെയും പ്രശംസിച്ച് കേന്ദ്ര സർക്കാർ. ലൈസൻസ് രാജ് യുഗത്തിന് അന്ത്യം കുറിക്കാൻ ഈ നടപടികൾ സഹായിച്ചതായി സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
1951ലെ വ്യവസായ (വികസനവും നിയന്ത്രണവും) നിയമം ലൈസൻസ് രാജ് യുഗത്തിന്റെ ബാക്കിപത്രമാണെന്ന് സുപ്രീംകോടതി വിമർശിച്ചപ്പോഴാണ് കേന്ദ്രം പ്രതികരണം അറിയിച്ചത്. കമ്പനി നിയമം, ട്രേഡ് പ്രാക്ടീസസ് ആക്ട് എന്നിവ ഉൾപ്പെടെ നിരവധി നിയമങ്ങൾ നരസിംഹ റാവുവും മൻമോഹൻ സിങ്ങും പരിഷ്കരിച്ചു. എന്നാൽ, തുടർന്നുവന്ന സർക്കാറുകൾ വ്യവസായ (വികസനവും നിയന്ത്രണവും) നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം പരിഗണിച്ചില്ല. സാമ്പത്തിക പരിഷ്കരണം വഴി വൻ മാറ്റങ്ങളുണ്ടായെങ്കിലും ഐ.ഡി.ആർ.എ അതേപടി തുടർന്നു. വിവിധ വ്യവസായങ്ങളെ നിയന്ത്രിക്കാൻ ഇത് കേന്ദ്രത്തിന് വഴിയൊരുക്കി. വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറുന്നത് മേൽനോട്ട സംവിധാനം ഇല്ലാതാക്കുന്നില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. കോവിഡ് മഹാമാരിപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഉൾപ്പെടെ വ്യവസായങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം സർക്കാറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.