ഡിജി യാത്ര ആപ്പിൽ ചോർച്ചയില്ലെന്ന് സർക്കാർ; നികുതിവെട്ടിപ്പ് തടയാൻ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന വാർത്ത തള്ളി
text_fieldsന്യൂഡൽഹി: നികുതിവെട്ടിപ്പ് തടയാൻ ഡിജി യാത്ര ആപ്പിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നുവെന്ന മാധ്യമ വാർത്തകൾ തള്ളി കേന്ദ്രം. ഡിജി യാത്രയെക്കുറിച്ചുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ‘എക്സി’ൽ കുറിച്ചു. ആപ്പിലെ വിവരങ്ങൾ ആദായ നികുതി വകുപ്പുമായി പങ്കിടുന്നില്ലെന്നും മന്ത്രാലയം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പ്രഖ്യാപിത വരുമാനത്തിലെ പൊരുത്തക്കേടുകൾ പരിശോധിക്കുന്നതിനായി ആദായ നികുതി വകുപ്പ് ഡിജി യാത്ര ആപ്പിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നുവെന്നായിരുന്നു വാർത്ത. ഇതനുസരിച്ച് വീഴ്ച കണ്ടെത്തിയവർക്ക് 2025ൽ ആദായ നികുതി നോട്ടീസ് നൽകിത്തുടങ്ങുമെന്നും വാർത്തയിൽ പരാമർശിച്ചിരുന്നു.
വ്യക്തിഗത വിവരങ്ങളടക്കം ഉപഭോക്താവിന്റെ സ്മാർട്ട്ഫോണിൽ തന്നെ സംഭരിച്ച് സൂക്ഷിക്കുന്ന ‘സെൽഫ് സോവറിൻ ഐഡന്റിറ്റി’(എസ്.എസ്.ഐ) മാതൃകയാണ് ആപ്പിന്റേതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കി അതത് ഫോണുകളിൽ പ്രത്യേകം എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുക. അതുകൊണ്ടുതന്നെ പുറത്തുനിന്ന് വിവര ശേഖരണം സാധ്യമല്ല. ആപ് നീക്കം ചെയ്താൽ ഫോണിൽ സൂക്ഷിച്ച വിവരങ്ങളും പൂർണമായി ഇല്ലാതാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിവരങ്ങൾ ചോരാനുള്ള പഴുതടച്ചാണ് ആപ് പ്രവർത്തിക്കുന്നതെന്ന് ഡിജി യാത്ര സി.ഇ.ഒ സുരേഷ് ഖഡകഭാവി ലിങ്ക്ഡിനിൽ കുറിച്ചു. ആദായ നികുതി വകുപ്പും ഐ.ടി മന്ത്രാലയവും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.