നിതീഷ് കുമാറിന് തിരിച്ചടി; ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം കേന്ദ്രം തള്ളി
text_fieldsന്യൂഡൽഹി: പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ജെ.ഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം. എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവലെ സഞ്ജയ് കുമാർ ഝായും ലോക് ജൻ ശക്തി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആർ.ജെ.ഡിയും പിന്തുണയുമായി പിന്നണിയിലുണ്ടായിരുന്നു. ഇൻഡ്യ സഖ്യവും പിന്തുണച്ചു.
ഝഞ്ചർപൂർ ലോക്‌സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. ''പണ്ട് ദേശീയ വികസന കൗൺസിൽ ചില സംസ്ഥാനങ്ങൾക്ക് പദ്ധതികൾ എളുപ്പത്തിൽ ലഭിക്കാൻ പ്രത്യേക പദവി നൽകിയിരുന്നു. ആ വിഭാഗത്തിൽ ഉൾപ്പെടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സവിശേഷതകൾ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്‍കരവുമായ ഭൂപ്രദേശമായിരിക്കണം. ജനസാന്ദ്രത കുറവായിരിക്കണം. അതല്ലെങ്കിൽ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം. ഈ പട്ടിക പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നൽകേണ്ട എന്ന് തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
ബിഹാറിന് പ്രത്യേക പദവി വേണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുകയാണ് നിതീഷ് കുമാർ. ഞായറാഴ്ച പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന വിവിധ പാർട്ടികളുടെ യോഗത്തിലും ജെ.ഡി.യു ഈ ആവശ്യം ആവർത്തിച്ചിരുന്നു. ബിഹാർ, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു, വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി പാർട്ടികളും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തെലുഗു ദേശം പാർട്ടി(ടി.ഡി.പി) ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിച്ചതിൽ അത്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. എൻ.ഡി.എയിലെ നെടുംതൂണെന്ന് വേണമെങ്കിൽ ജെ.ഡി.യുവിനെ വിശേഷിപ്പിക്കാം. ബിഹാറിന് പ്രത്യേക പദവിയാവശ്യപ്പെട്ട് എൻ.ഡി.എ പ്രമേയം പാസാക്കിയിരുന്നു. ആന്ധ്ര പ്രദേശിലെ നേതാക്കളും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഈയാവശ്യം ഉയരുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.