പേരുമാറ്റം പ്രാബല്യത്തിൽ നെഹ്റു മ്യൂസിയം വിവാദം കത്തുന്നു
text_fieldsന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എൻ.എം.എം.എല്‍) പേരിൽ നിന്നും നെഹ്റുവിനെ വെട്ടാനുള്ള തീരുമാനം പ്രാബല്യത്തിൽ.
ആഗസ്റ്റ് 14 മുതൽ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തതായി മ്യൂസിയം ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു. പേരു മാറ്റുന്നതിന് കഴിഞ്ഞ ദിവസം അന്തിമ അനുമതി ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
പേരുമാറ്റത്തിൽ മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. മോദിയുടെ ഉള്ളിൽ ഭയത്തിന്റെയും സങ്കീർണതയുടെയും അരക്ഷിതാവസ്ഥയുടേയും വലയങ്ങളുണ്ട്. പ്രത്യേകിച്ച് നെഹ്റുവിന്റെകാര്യം വരുമ്പോഴാണിതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
നെഹ്റുവിയൻ തത്ത്വങ്ങളെ എതിർക്കുക, അദ്ദേഹത്തിന്റെ പൈതൃകത്തെ അപകീർത്തിപ്പെടുത്തുക, നിഷേധിക്കുക, വളച്ചൊടിക്കുക എന്ന ഒരേയൊരു അജണ്ട മാത്രമാണ് മോദിക്കുള്ളത്. എന്തെല്ലാം മാറ്റാൻ ശ്രമിച്ചാലും അദ്ദേഹത്തിന് നെഹ്റുവിന്റെ മഹത്തായ സംഭാവനകളെയും ഇന്ത്യ എന്ന രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കാനെടുത്ത കഠിനാധ്വാനത്തെയും ഇല്ലാതാക്കാൻ സാധിക്കില്ല. അവയെല്ലാം ഇന്ന് മോദിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളുടേയും അക്രമങ്ങൾ നേരിടുകയാണ്. വരുംതലമുറകളിലൂടെ നെഹ്റു വാഴ്ത്തപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കോൺഗ്രസ് ചിന്തിക്കുന്നത് നെഹ്റുവിനെയും കുടുംബത്തെയും മാത്രമാണെന്നും എന്നാൽ, നരേന്ദ്ര മോദി രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാർക്കും മ്യൂസിയത്തിൽ മാന്യമായ സ്ഥാനമാണ് നൽകിയതെന്നും ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് വിശദീകരിച്ചു. മ്യൂസിയത്തിൽ ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി, മൊറാർജി ദേശായി, ചൗധരി ചരൺ സിങ്, അടൽ ബിഹാരി വാജ്പേയി, ഐ.കെ. ഗുജ്റാൾ, എച്ച്.ഡി ദേവഗൗഡ അടക്കം ഉണ്ടായിരുന്നില്ല. എല്ലാ പ്രധാനമന്ത്രിമാർക്കും ഇടം കിട്ടുമ്പോൾ അത് പ്രധാനമന്ത്രി സ്മൃതി ലൈബ്രറിയായി മാറുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
എൻ.എം.എം.എല്‍ സൊസൈറ്റി വൈസ് പ്രസിഡന്റായ സംസ്കാരിക- പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ജൂണിൽ നടന്ന യോഗത്തിലാണ് പ്രഥമ പ്രധാനമന്ത്രിയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് വിശദമായി എടുത്ത് കാട്ടുന്ന മ്യൂസിയത്തിൽനിന്ന് അദ്ദേഹത്തിന്റെ പേര് വെട്ടാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയാണ് എൻ.എം.എം.എല്‍ സൊസൈറ്റി ചെയര്മാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.