ഹൈകോടതി ജഡ്ജി നിയമനം; കൊളീജിയം സമർപ്പിച്ച ഫയലുകൾ മടക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നൽകിയ പേരുകളുള്ള 20 ഫയലുകൾ തിരിച്ചയച്ച് കേന്ദ്ര സർക്കാർ. ഫയലുകൾ പുനഃപരിശോധിക്കാൻ കൊളീജിയത്തോട് സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. നവംബർ 25നാണ് ഫയലുകൾ തിരിച്ചയത്. ജഡ്ജി നിയമനത്തിനായി കൊളീജിയം നിർദേശിച്ച പേരുകളിൽ കേന്ദ്ര സർക്കാറിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
അഞ്ച് വർഷത്തോളമായി കേന്ദ്രം തീരുമാനമെടുക്കാതെ നീട്ടുന്ന മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിന്‍റെ നിയമന ശിപാർശയും കേന്ദ്രം മടക്കിയവയിൽ ഉൾപ്പെടുന്നതായാണ് വിവരം. ഡൽഹി ഹൈകോടതി ജഡ്ജിയായാണ് ഇദ്ദേഹത്തെ ശിപാർശ ചെയ്തിരുന്നത്. താൻ സ്വവർഗാനുരാഗിയാണെന്ന വ്യക്തമാക്കുകയും സ്വവർഗാനുരാഗികൾക്കായി നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളാണ് കൃപാൽ. ഇക്കാരണത്താലാണ് കേന്ദ്രം തന്‍റെ നിയമനം തടയുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ജഡ്ജിമാരുടെ നിയമനത്തിലുള്ള കൊളീജിയം ശിപാർശയിൽ തീരുമാനമെടുക്കാൻ കാലതാമസം വരുത്തുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സുപ്രിം കോടതി കൊളീജിയം നിർദേശിച്ച 11പേരുകളിൽ കേന്ദ്രം തീരുമാനമെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കൊളീജിയത്തിനെതിരായ നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പരാമർശത്തിൽ അതൃപ്തി അറിയിച്ച സുപ്രിം കോടതി, ജഡ്ജിമാരെ കൊളീജിയം നിയമിക്കുന്നതാണ് രാജ്യത്തെ നിയമമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാർ ഈ നിയമം പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.