നാഗ പ്രക്ഷോഭം ശക്തമാകുന്നു: മണിപ്പൂരില്‍ വാഹനങ്ങള്‍ക്ക് ഉപരോധം
text_fieldsകൊഹിമ: നാഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മണിപ്പൂരില്‍നിന്നുള്ള എല്ലാതരം വാഹനങ്ങള്‍ക്കും നാഗ വിദ്യാര്‍ഥി ഫെഡറേഷന്‍ (എന്‍.എസ്.എഫ്) ഉപരോധമേര്‍പ്പെടുത്തി. യുനൈറ്റഡ് നാഗ കൗണ്‍സില്‍ (യു.എന്‍.സി) നവംബര്‍ ഒന്നുമുതല്‍ മണിപ്പൂരിലെ ദേശീയപാതകളില്‍ അനിശ്ചിതകാല ഉപരോധമേര്‍പ്പെടുത്തിയതിന് പിറകെയാണ് വിദ്യാര്‍ഥി ഉപരോധം. ഇതോടെ, മണിപ്പൂര്‍ സര്‍ക്കാറിനെതിരായ നാഗ പ്രക്ഷോഭം സങ്കീര്‍ണമായി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 4000ത്തോളം വരുന്ന അര്‍ധസൈനിക വിഭാഗത്തെ കേന്ദ്രം മണിപ്പൂരിലേക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മണിപ്പൂരില്‍ നാഗ യാത്രക്കാര്‍ക്കെതിരെ നടന്ന ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഉപരോധമെന്നും നാഗ വിഭാഗക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കുംവരെ അത് തുടരുമെന്നും എന്‍.എസ്.എഫ് പ്രസിഡന്‍റ് സുബെന്തുങ് കിതാന്‍ പറഞ്ഞു. നാഗന്മാര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്നാണ് ആരോപണം. ഇംഫാല്‍-ഉക്റൂല്‍ റോഡില്‍ കഴിഞ്ഞ 18ന് ജനക്കൂട്ടം 22 വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു.
നാഗ പ്രദേശങ്ങളില്‍നിന്ന് മണിപ്പൂരിലേക്ക് പോകുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തിലാകണം യാത്രചെയ്യേണ്ടതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മണിപ്പൂരിലേക്ക് തിരിച്ചുപോകുന്ന വിദ്യാര്‍ഥികളെ വിലക്കില്‍നിന്ന് ഒഴിവാക്കി. സാദര്‍ ഹില്‍സ്, ജിരിബാം എന്നീ പ്രദേശങ്ങള്‍ക്ക് പൂര്‍ണ ജില്ല പദവി നല്‍കാനുള്ള മണിപ്പൂര്‍ സര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെയാണ് യു.എന്‍.സി പ്രതിഷേധം. നാഗന്മാരുടെ പരമ്പരാഗത ഭൂമി വിഭജിക്കാനുള്ള നീക്കമായാണ് യു.എന്‍.സി ഇതിനെ വിശേഷിപ്പിക്കുന്നത്.
അതിനിടെ, ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഒമ്പതു മണിക്കൂര്‍ നേരത്തേക്ക് ഇളവ് നല്‍കി. യാത്രാവാഹനങ്ങള്‍ ആക്രമികള്‍ തീയിട്ടതിനെതുടര്‍ന്നാണ് ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നാഗ പ്രക്ഷോഭത്തെതുടര്‍ന്നുള്ള സ്ഥിതിഗതി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി മന്ത്രിസഭായോഗം ചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.