ആപ്പിളിനായി ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയിൽ വിവാഹിതരായ സ്ത്രീകൾക്ക് തൊഴിൽവിലക്ക്
text_fieldsചെന്നൈ: ആപ്പിളിനായി ഉപകരണങ്ങൾ നൽകുന്ന കമ്പനിയിൽ വിവാഹിതരായ സ്ത്രീകൾക്ക് തൊഴിൽവിലക്കുണ്ടെന്ന വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ വാർത്തയിൽ തമിഴ്നാടിനോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. ഫോക്സോണിന്റെ ചെന്നൈയിലെ ഐഫോൺ അസംബ്ലിങ് യൂണിറ്റിൽ വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കുന്നില്ലെന്നായിരുന്നു റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
1976ലെ തുല്യവേതന നിയമം സ്ത്രീ, പുരുഷ തൊഴിലാളികൾക്കിടയിൽ ഒരു വിവേചനവും കാണിക്കരുതെന്ന് പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് തമിഴ്നാട് തൊഴിൽ വകുപ്പിന് നൽകിയിരിക്കുന്ന നിർദേശം. പ്രദേശത്തെ ലേബർ ഓഫീസറോട് വസുതാന്വേഷണ റിപ്പോർട്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വാർത്തകളിൽ പ്രതികരിക്കാൻ ഫോക്സോണും ആപ്പിളും തയാറായിട്ടില്ല. തമിഴ്നാട് സർക്കാറും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് റോയിട്ടേഴ്സ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. വിവാഹിതരായ സ്ത്രീകളെ ജോലിയിൽ നിന്നും മാറ്റിനിർത്തുന്നുവെന്ന ഗുരുതര ആരോപണമാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ ഉന്നയിക്കുന്നത്.
വിവാഹിതരായ വനിതകൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടുതലായിരിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫോക്സോണിന്റെ നടപടിയെന്ന് ഇവർക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാർ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്സ് വ്യക്തമാക്കി. നേരത്തെയും ഫോക്സോണിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.