വാനര വസൂരി: മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരെയും കർശനമായി പരിശോധിക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: വാനര വസൂരിയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ രോഗവ്യാപനം തടയാൻ രാജ്യത്തെത്തുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരെയും കർശനമായി പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം. സംസ്ഥാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും തുറമുഖ ആരോഗ്യ ഉദ്യോഗസ്ഥർക്കുമാണ് നിർദേശം നൽകിയത്.
സംസ്ഥാന ഭരണകൂടങ്ങളുടെയും ഇമിഗ്രേഷൻ ബ്യൂറോയും ഏകോപനത്തിൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യ പ്രവർത്തനങ്ങൾ കേന്ദ്രം അവലോകനം ചെയ്യും.
കേരളത്തിൽ രണ്ടാമത്തെ വാനര വസൂരി രോഗബാധ സ്ഥിരീകരിച്ചതിനുപിന്നാലെയാണ് കേന്ദ്രം കർശന നിർദേശം പുറപ്പെടുവിച്ചത്. 31കാരനായ കണ്ണൂര്‍ സ്വദേശിക്കാണ് സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജൂലൈ 13ന് ദുബൈയില്‍നിന്നാണ് എത്തിയത്. ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞയാഴ്ച കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. വാനര വസൂരിക്കെതിരെ സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി പറഞ്ഞു. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ സുരക്ഷിതമായി ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്ധ ചികിത്സയും നല്‍കാൻ ക്രമീകരണം ഏർപ്പെടുത്തി.
ജില്ലകളില്‍ ഐസൊലേഷന്‍ സൗകര്യം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ തയാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലന്‍സ് സംവിധാനം ജില്ലകളില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.