ഉന്നാവ് ബലാത്സംഗ അതിജീവിതയുടെ സുരക്ഷ പിൻവലിക്കണമെന്ന് കേന്ദ്രം; കുടുംബത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രമാദമായ ഉന്നാവ് ബലാത്സംഗത്തിലെ അതിജീവിതക്ക് ഒരുക്കിയ സി.ആർ.പി.എഫ് സുരക്ഷ പിൻവലിക്കണമെന്ന് സുപ്രീംകോടതിയോടാവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ ഹരജിയിൽ പെൺകുട്ടിയോടും കുടുംബാംഗങ്ങളോടും സുപ്രീംകോടതി പ്രതികരണം തേടി. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവ് മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പി നേതാവ് കുൽദീപ് സിങ് സെൻഗാർ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ കേസിൽ അതിജീവിതയുടെയും മറ്റുള്ളവരുടെയും ജീവനുനേർക്കുള്ള ഭീഷണി കണക്കിലെടുത്ത് പെൺകുട്ടിക്കും അമ്മക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും അവരുടെ അഭിഭാഷകർക്കും സി.ആർ.പി.എഫ് സുരക്ഷ നൽകണമെന്ന് 2019 ആഗസ്റ്റ് 1ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രത്തിന്റെ ഹരജിയുടെ പകർപ്പ് ഇരക്കും കുടുംബാംഗങ്ങൾക്കും നൽകണമെന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഭീഷണിയൊന്നും ഇല്ലെന്ന് കരുതുന്നുവെങ്കിൽ ഹരജി തീർപ്പാക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഇതു സംബന്ധമായി ഇരയുടെയും കുടുംബാംഗങ്ങളുടെയും വിശകലനം നടത്തിയെന്നും അതനുസരിച്ച് സുരക്ഷയുടെ ആവശ്യമില്ലെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വാദിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് കേസിന്റെ വിചാരണ ഉൾപ്പെടെയുള്ളവ ഡൽഹിയിലേക്ക് മാറ്റിയതായി ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷക രുചിര ഗോയൽ പറഞ്ഞു. ഇര ഇപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് ബെഞ്ച് ഗോയലിനോട് ചോദിച്ചു. യുവതിയും കുടുംബവും ഡൽഹിയിൽ തന്നെ തുടരുന്നതായി അവർ മറുപടി നൽകി.
അതിജീവിതക്കും കുടുംബാംഗങ്ങൾക്കും അവരുടെ അഭിഭാഷകർക്കും നൽകിയിരുന്ന സി.ആർ.പി.എഫ് സുരക്ഷ പിൻവലിക്കുന്നതിന് പ്രത്യേക അപേക്ഷ സമർപ്പിക്കാൻ മെയ് 14 ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹി അല്ലെങ്കിൽ ഉത്തർപ്രദേശ് പൊലീസിന് തുടർന്ന് സുരക്ഷ ഒരുക്കാമെന്നും സി.ആർ.പി.എഫിന് പിൻവലിക്കാൻ അനുമതി നൽകണമെന്നും കേന്ദ്രം അറിയിച്ചു.
ഉന്നാവ് ബലാത്സംഗ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളും ലഖ്‌നൗ കോടതിയിൽനിന്ന് ഡൽഹിയിലെ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ദിവസേന വിചാരണ നടത്തി 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാനും ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു.
ഒരു വാഹനാപകടത്തിൽ അതിജീവിതയായ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ബന്ധുക്കളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം ഏഴു ദിവസത്തിനകം പൂർത്തിയാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
പ്രതിയായ ബി.ജെ.പി നേതാവിന്റെ നിർദ്ദേശപ്രകാരം ഇരയുടെ പിതാവിനെ അറസ്റ്റു ചെയ്യുകയും ഇദ്ദേഹം 2018 ഏപ്രിൽ 9ന് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച കേസിൽ സെൻഗാറിനെ 2020 മാർച്ചിൽ 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ 2019ലെ വിധി റദ്ദാക്കണമെന്നാണ് സെൻഗാറിന്റെ ആവശ്യം. ഇയാളുടെ അപ്പീൽ ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണ്. 10 ലക്ഷം രൂപ പിഴയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. കേസിൽ സെൻഗാറിന്റെ സഹോദരൻ അതുൽ സിങ് സെൻഗാറിനും മറ്റ് അഞ്ച് പേർക്കും കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് സെൻഗാറിനെ പിന്നീട് പാർട്ടി പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.