ആൾക്കൂട്ട ആക്രമണം തടയാൻ കേന്ദ്രനീക്കം
text_fieldsന്യൂഡൽഹി: ആൾക്കൂട്ട ആക്രമണവും കൊലയും തടയാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ രണ്ട് സമിതികളുണ്ടാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും നേതൃത്വത്തിലാകും സമിതികൾ.
അതിനിടെ, വിധിക്ക് ശേഷവും ആൽവാറിൽ ആവർത്തിച്ച ആൾക്കൂട്ട കൊലയിൽ ഇടപെട്ട സുപ്രീംകോടതി രാജസ്ഥാനിലെ ബി.ജെ.പി സർക്കാറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പരിഗണിക്കും.
ആൾക്കൂട്ട ആക്രമണങ്ങളിലേക്കും കൊലയിലേക്കും നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് അധ്യക്ഷനായ സമിതി പഠിക്കും. ഇവരുടെ നിർദേശങ്ങൾ ആഭ്യന്തര മന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതിക്ക് നാലാഴ്ചക്കകം നൽകണം. ഇൗ സമിതിയിൽ വിദേശ മന്ത്രി സുഷമ സ്വരാജ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർക്ക് പുറമെ നിയമ, ജലവിഭവ, സാമൂഹിക നീതി ശാക്തീകരണ മന്ത്രിമാരും ഉണ്ടാകും. മന്ത്രിതല സമിതിയുടെ ശിപാർശകൾ പ്രധാനമന്ത്രിക്ക് കൈമാറും.
ആൾക്കൂട്ട ആക്രമണം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് മാർഗനിർദേശം നൽകിയതിനൊപ്പം പുതിയ നിയമ നിർമാണം നടത്തണമെന്ന കാര്യവും ജൂലൈ 17ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുേമ്പാട്ടുവെച്ചിരുന്നു. ഇൗ വിധിയോട് പ്രതികരിക്കാതിരുന്ന സർക്കാർ ആൽവാറിൽ പൊലീസ് സഹായത്തോടെ രക്ബർഖാനെ സംഘ്പരിവാർ ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചുകൊന്നത് വിവാദമായപ്പോഴാണ് നടപടിയിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചത്.
ഗോരക്ഷക ആക്രമണം അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം രംഗത്തുവന്നിട്ടും പ്രതികരിക്കാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തയാറായില്ല. അതിനു ശേഷമാണ് നിയമനിർമാണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുള്ള ഉന്നതതല സമിതിയെ കേന്ദ്ര ആഭ്യന്തര മന്ത്രിതന്നെ നയിക്കുമെന്ന് സർക്കാർ അറിയിച്ചത്.
ആൽവാർ ആക്രമണം മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചേർന്നയുടൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. വിധിക്ക് ശേഷവും ആൾക്കൂട്ട കൊല തടയാൻ നടപടിയെടുക്കാത്തതിന് രാജസ്ഥാൻ സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹരജി നൽകിയെന്നും അത് പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആഗസ്റ്റ് 20ലേക്ക് മാറ്റിയ മുഖ്യ ഹരജിക്കൊപ്പം ഇതും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.