ഇനി ജമ്മു കശ്മീർ സർക്കാറിന്റെ കാര്യങ്ങളിൽ ഇടപെടരുത്; കേന്ദ്രത്തോട് മെഹബൂബ മുഫ്തി
text_fieldsശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണായക വിധിയിൽ നിന്ന് കേന്ദ്രം പാഠം ഉൾക്കൊള്ളണമെന്നും അധികാരത്തിൽ വരുന്ന നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യ സർക്കാറിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്നും പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. വിജയത്തിൽ നാഷണൽ കോൺഫറൻസ് നേതൃത്വത്തെ അഭിനന്ദിച്ച അവർ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുമെന്നും പറഞ്ഞു.
എൻ.സി നേതൃത്വത്തെ അതിന്റെ മികച്ച വിജയത്തിന് ഞാൻ അഭിനന്ദിക്കുന്നു. 2019 ആഗസ്റ്റ് 5നു ശേഷം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചതിനാൽ തൂക്കുസഭക്കല്ല, സ്ഥിരതയുള്ള സർക്കാറിനുവേണ്ടി വോട്ട് ചെയ്തതിന് ജമ്മു കശ്മീരിലെ ജനങ്ങളെയും അഭിനന്ദിക്കാൻ ഞാനാഗ്രഹിക്കുന്നു. സുസ്ഥിരവും ശക്തവുമായ ഒരു സർക്കാർ ഇവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വളരെ പ്രധാനമാണ് എന്നും മുഫ്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ വ്യക്തമായ ഒരു ജനവിധി ഇല്ലായിരുന്നുവെങ്കിൽ എന്തെങ്കിലും ദുരനുഭവമുണ്ടാകുമെന്ന് തോന്നിയിരുന്നു. വിധിയിൽ നിന്ന് കേന്ദ്രം പാഠം ഉൾക്കൊള്ളണമെന്നും സർക്കാറിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്നും പി.ഡി.പി നേതാവ് പറഞ്ഞു. അവരങ്ങനെ ചെയ്താൽ അതവർക്ക് ഇപ്പോൾ സംഭവിച്ചതിനേക്കാൾ വിനാശകരവും മോശവുമായിരിക്കുമെന്നും മുഫ്തി കൂട്ടിച്ചേർത്തു.
എൻ.സി-കോൺഗ്രസ് സഖ്യം സുസ്ഥിരമായ ഒരു സർക്കാറിനെ നൽകുമെന്നും ബി.ജെ.പിക്കെതിരെ പോരാടുമെന്നും അതിനെ അകറ്റി നിർത്തുമെന്നും ജനങ്ങൾ കരുതി. അതാണ് സഖ്യത്തിന്റെ വിജയത്തിന് ഏറ്റവും വലിയ കാരണമെന്ന് ഞാൻ കരുതുന്നു. ഇത്രയും വിഷമകരമായ സാഹചര്യത്തിലും അതിനായി പ്രവർത്തിച്ച പാർട്ടി നേതാക്കളോടും കേഡറുകളോടും പി.ഡി.പി മേധാവി നന്ദി രേഖപ്പെടുത്തുകയും ഹൃദയം നഷ്ടപ്പെടുത്താതിരിക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ക്രിയാത്മക പ്രതിപക്ഷത്തിന്റെ റോൾ തങ്ങൾ നിർവഹിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പോടെ അവസാനിക്കില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.