സായുധ സംഘടനകളുമായി സമാധാന കരാർ ഒപ്പിട്ടു; 10,000 പേർ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേർന്നതായി അമിത് ഷാ
text_fieldsന്യൂഡൽഹി: ത്രിപുരയിലെ രണ്ട് സായുധ സംഘടനകളുമായി സമാധാന കരാറിൽ ഒപ്പുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഷനൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര(NLFT), ഓൾ ത്രിപുര ടൈഗർ ഫോഴ്സ് (ATTF) സംഘടനകളുമായാണ് 12-ാമത് സമാധാന കരാറിൽ ഒപ്പിട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.
സമാധാന ഉടമ്പടി അക്രമം അവസാനിപ്പിക്കുമെന്നും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. 2019ൽ താൻ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം കേന്ദ്രവും സംസ്ഥാന സർക്കാരും 12 കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അതിൽ മൂന്നെണ്ണം ത്രിപുരയിലെ വിമത ഗ്രൂപ്പുകളുമായാണെന്നും അമിത് ഷാ പറഞ്ഞു. ഈ കരാറുകളിലൂടെ ഏകദേശം 10,000 പേർ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും വികസനത്തിനും മോദി സർക്കാർ ഏറ്റവും മുൻഗണന നൽകിയിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ ഒപ്പുവച്ച എല്ലാ സമാധാന കരാറുകളും സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ കരാർ പ്രകാരം 328ലധികം സായുധസംഘടനാംഗങ്ങൾ അക്രമം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേരുമെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലെ ആദിവാസി ജനങ്ങളുടെ വികസനത്തിനായി 250 കോടി രൂപയുടെ പ്രത്യേക പാക്കേജിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.