കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം; സംസ്ഥാന സർക്കാരുകളും കേന്ദ്രവും പ്രശ്ന പരിഹാരത്തിന് മുതിരുന്നില്ലെന്ന് ആദിത്യ താക്കറെ
text_fieldsമുംബൈ: കർണാട-മഹാരാഷ്ട്ര അതിർത്തി തർക്കത്തിന് പരിഹാരം കാണുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടുവെന്ന് മഹാരാഷ്ട്ര മുൻ മന്ത്രി ആദിത്യ താക്കറെ. കേന്ദ്രസർക്കാരും കർണാട-മഹാരാഷ്ട്ര സർക്കാരുകളും വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'കർണാടക-മഹാരാഷ്ട്ര അതിർത്തികളിൽ മഹാരാഷ്ട്രയുടെ വാഹനങ്ങൾ തകർക്കപ്പെടുകയും ആളുകൾ അക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു. എന്നാൽ രണ്ട് സംസ്ഥാനങ്ങളിലേയും സർക്കാരുകൾ വിഷയത്തിൽ മൗനം പാലിക്കുകയാണ്.'- ആദിത്യ താക്കറെ പറഞ്ഞു.
കർണാടകയിലും മഹാരാഷ്ട്രയിലും കേന്ദ്രത്തിലും അധികാരത്തിലുള്ള ബി.ജെ.പി വിഷയത്തിൽ ഇടപെടാനും പരിഹാരം കണ്ടെത്താനും തയാറാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാർ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.
ബെളഗാവിയാണ് തർക്കത്തിന്റെ കേന്ദ്രസ്ഥാനം.1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതു മുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കമുണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്.
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ മറാത്തികൾ കൂടുതലുള്ള ബെളഗാവി കർണാടകക്ക് തെറ്റായി നൽകിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.