വിദേശ സംഭാവന സ്വീകരിക്കൽ; എൻ.ജി.ഒകൾക്ക് കടുത്ത നിയന്ത്രണം
text_fieldsന്യൂഡൽഹി: വിദേശസഹായം സ്വീകരിക്കുന്നതിൽ സന്നദ്ധസംഘടനകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം നേടിയ, 15 ലക്ഷം രൂപ ചെലവഴിച്ച സ്ഥാപനങ്ങൾക്ക് മാത്രം വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകാനാണ് തീരുമാനം.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻ.ജി.ഒകൾ നൽകുന്ന തുക എത്രയാണെന്നും എന്തിനുവേണ്ടിയാണെന്നും കാണിക്കുന്ന വിദേശ സംഭാവന നൽകുന്നവരിൽനിന്ന് വാങ്ങിയ കത്ത് ഹാജരാക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ വിദേശ സഹായം സ്വീകരിക്കുന്നതിൽനിന്ന് വിലക്കിയാണ് പുതിയ ഉത്തരവ്.
വിദേശ സംഭാവന സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്ന എൻ.ജി.ഒക്കോ, വ്യക്തിക്കോ എഫ്.സി.ആർ.എ അക്കൗണ്ട് നിർബന്ധമായും വേണം. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമാകാൻ പാടില്ല. സന്നദ്ധ സംഘടനയുടെ 75 ശതമാനം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും വിദേശ സംഭാവന നൽകുന്ന സംഘടനയിലെ ഭാരവാഹികളോ ജീവനക്കാരോ ആകാൻ പാടില്ല. ധനസഹായം നൽകുന്ന വ്യക്തി സഹായം സ്വീകരിക്കുന്ന സംഘടനയുടെ ഭാഗമാകാനും പാടില്ല.
രണ്ടുമാസം മുമ്പ് എൻ.ജി.ഒ ഭാരവാഹികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കി എഫ്.സി.ആർ.എ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ തീരുമാനം.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത എൻ.ജി.ഒകൾ 2016-17 കാലയളവിൽ ഏകദേശം 58,000 കോടി രൂപ വിദേശസഹായമായി കൈപ്പറ്റിയിരുന്നു. രാജ്യത്ത് 22,400 എൻ.ജി.ഒകളാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.