സെൻസസ് നടപടികൾ അടുത്ത വർഷം ആരംഭിക്കും; റിപ്പോർട്ട് 2026ൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പു നടപടികൾ അടുത്ത വർഷം ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻസസ് ഡേറ്റ 2026ൽ പ്രസിദ്ധീകരിക്കും. എന്നാൽ 2035 വരെ നീളുന്ന പ്രക്രിയക്കാവും അടുത്ത വർഷം തുടക്കമാകുക. വിവരശേഖരണത്തിനായി കേന്ദ്രസർക്കാർ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
പ്രതിപക്ഷവും എൻ.ഡി.എ ഘടക കക്ഷികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും, ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന. മതം രേഖപ്പെടുത്താനുള്ള കോളം നൽകുമെങ്കിലും ജാതി അടിസ്ഥാനത്തിലുള്ള വിവര ശേഖരണം ഉണ്ടാകില്ല. കോൺഗ്രസിനു പുറമെ എൻ.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യുവും ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ശക്തമായി ഉയർത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കേന്ദ്രം അനുകൂല തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. സെൻസസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെ കേന്ദ്രം നടത്തിയേക്കും.
2021ൽ നടക്കേണ്ടിയിരുന്ന ജനസംഖ്യാ കണക്കെടുപ്പ് കോവിഡ് അടക്കമുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ നീണ്ടുപോയതായാണ് കേന്ദ്രം നേരത്തെ വിശദീകരിച്ചത്. സെൻസസ് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ലോക്സഭ മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള നടപടികളിലേക്കും കേന്ദ്രം കടക്കും. 2028ഓടെ മണ്ഡല പുനർനിർണയം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2011ലാണ് ഒടുവിലത്തെ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 17.7 ശതമാനം ജനസംഖ്യാ വളർച്ചയാണ് അത്തവണ രേഖപ്പെടുത്തിയത്. 121 കോടിയാണ് 2011ലെ ജനസംഖ്യ. സാധാരണ ഗതിയിൽ പത്തു വർഷം കൂടുമ്പോൾ പ്രസിദ്ധീകരിക്കേണ്ട റിപ്പോർട്ട് നിലവിൽ മൂന്ന് വർഷം വൈകിയിരിക്കുകയാണ്. സെൻസസ് നടപടികൾ സർക്കാർ വേഗത്തിലാക്കുകയാണെന്ന് ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൂർണമായും ഡിജിറ്റലായാവും വിവരശേഖരണമെന്നും ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.