ഐ.പി.സിയും സി.ആർ.പി.സിയും മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനം
text_fieldsന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തെ ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), കോഡ് ഒാഫ് ക്രിമിനൽ പ്രൊസീഡ്യുർ (സി.ആർ.പി.സി) എന്നിവ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.പി.സിയും സി.ആർ.പി.സിയും മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിലുള്ള അഭിപ്രായം തേടി ചീഫ് ജസ്റ്റിസുമാർ, മുതിർന്ന അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാറിതര സംഘടനകൾ, സംസ്ഥാന സർക്കാരുകൾ എന്നിവർക്ക് കത്തയച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ലിംഗപരമായ അനീതിയില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും നേരായ ദിശയിൽ പ്രവർത്തിക്കണം. ഇന്ത്യ സർക്കാരിനുവേണ്ടി തങ്ങൾ നിരവധി ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഐ.പി.സി, സി.ആർ.പി.സി എന്നിവയും ഞങ്ങൾ മാറ്റും. കാലാകാലങ്ങളിൽ സർക്കാർ ഈ രണ്ട് വിഭാഗങ്ങൾ ഭേദഗതി ചെയ്യുന്നുണ്ട്.
രാജ്യത്തിന്‍റെ ഇന്നത്തെ സ്ഥിതിഗതികൾ നോക്കിയാൽ ഐ.പി.സിയും സി.ആർ.പി.സിയും പൂർണമായി മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഐ.പി.സിയിലും സി.ആർ.പി.സിയിലും എന്ത് മാറ്റങ്ങൾ വരുത്തണം എന്നതിനെ കുറിച്ച് എല്ലാവരും നിർദേശങ്ങൾ നൽകണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷയെ കുറിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കവെയാണ് ഐ.പി.സിയും സി.ആർ.പി.സിയും പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.