കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കില്ല; വിവാദ പ്രസ്താവനക്കു പിന്നാലെ വിശദീകരണവുമായി കേന്ദ്ര കൃഷിമന്ത്രി
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന് സൂചന നൽകുന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. ഭേദഗതി വരുത്തി കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം നാഗ്പുരിൽ പിൻവലിച്ച കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. കേന്ദ്ര സർക്കാർ ഒരടി പിന്നോട്ടുവെച്ചെങ്കിലും മൂന്നോട്ടുതന്നെ പോകുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഭേദഗതികളോടെ മൂന്നു കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.
ഞാൻ അത്തരത്തിൽ സംസാരിച്ചിട്ടില്ല. സർക്കാർ മികച്ച കാർഷിക നിയമങ്ങൾ ഉണ്ടാക്കി. ചില കാരണങ്ങളാൽ ഞങ്ങൾ പിൻവലിച്ചു. കർഷകരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനം സർക്കാർ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഞങ്ങൾ കാർഷിക നിയമങ്ങൾ കൊണ്ടുവന്നു. കുറച്ചുപേർക്ക് അത് ഇഷ്ടപ്പെട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനുശേഷം കാർഷിക മേഖലയിലുണ്ടായ വലിയ പരിഷ്കാരമായിരുന്നു.
സർക്കാറിന് നിരാശയില്ല. ഞങ്ങൾ ഒരടി പിന്നോട്ടുവെച്ചു. ഞങ്ങൾ മുന്നോട്ടുതന്നെ പോകും. കാരണം കർഷകർ രാജ്യത്തിന്‍റെ നട്ടെല്ലാണ്. നട്ടെല്ല് ബലപ്പെട്ടാൽ രാജ്യം കൂടുതൽ ശക്തമാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കർഷക വിരുദ്ധ നിയമങ്ങൾ വീണ്ടും നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ ഗൂഢാലോചനയാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തായതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ ക്ഷമാപണത്തെ മന്ത്രി തോമർ അധിക്ഷേപിച്ചെന്ന് രാഹുൽ ഗാന്ധിയും പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.