ഓണത്തിനടക്കം പ്രദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണം, മുഹറം, ജന്മാഷ്ടമി, ഗണേഷ ചതുർഥി, ദുർഗ പൂജ എന്നീ ആഘോഷങ്ങൾക്ക് പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
ആഘോഷ ചടങ്ങുകൾക്കിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒത്തുചേരലുകൾ കോവിഡ് വ്യാപനം കൂട്ടാൻ സാധ്യതയുണ്ടെന്ന് ഐ.സി.എം.ആറും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.
കഴിഞ്ഞ മാസം കോവിഡ് കേസുകൾ കുറെഞ്ഞങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കണക്കുകൾ ആശാവഹമല്ല. ഇതിനാൽ ജൂൺ 29ന് പുറപ്പെടുവിച്ച കേന്ദ്ര നിർദേശങ്ങൾ സംസ്ഥാനങ്ങൾ കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
'വരാനിരിക്കുന്ന ഉത്സവങ്ങളായ മുഹറം (ഓഗസ്റ്റ് 19), ഓണം (ആഗസ്റ്റ് 21), ജന്മാഷ്ടമി (ആഗസ്റ്റ് 30), ഗണേഷ് ചതുർഥി (സെപ്റ്റംബർ 10), ദുർഗ പൂജ (ഒക്ടോബർ 5-15) എന്നിവയിൽ പൊതു ഒത്തുചേരലുകൾ പ്രതീക്ഷിക്കുന്നു. ഈ ഉത്സവങ്ങൾക്കിടെ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ഒത്തുചേരലുകൾ തടയുന്നതും സംസ്ഥാനങ്ങൾ സജീവമായി പരിഗണിക്കണമെന്ന് നിർദ്ദേശിക്കുന്നു' -ഭൂഷൺ കത്തിൽ എഴുതി.
രാജ്യത്തെ കോവിഡ് 'ആർ-വാല്യു' ഒന്നിന് മുകളിലേക്ക് ഉയരുന്നതിൽ കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വൈറസിന്‍റെ വ്യാപനം മനസിലാക്കാനുള്ള സൂചകമാണ് ആർ-വാല്യു (ആർ-ഫാക്ടർ). ഒരാളിൽ നിന്ന് എത്രപേരിലേക്കാണ് അസുഖം പകരുന്നത് എന്നാണ് ആർ-വാല്യു സൂചിപ്പിക്കുന്നത്.
മേയ് ഏഴിന് ശേഷം ഒന്നിന് താഴേക്ക് പോയ ആർ-വാല്യു ജൂലൈ 27ന് ഒന്നിന് മുകളിലെത്തിയിരുന്നു. ആർ-വാല്യു കൂടുന്നത് വൈറസിന്‍റെ വ്യാപനം വർധിക്കുന്നതിന്‍റെ ലക്ഷണമാണ്.രണ്ടാം തരംഗ വ്യാപനം കുറഞ്ഞ ശേഷം ആദ്യമായാണ് ജൂലൈ 27ന് ആർ-വാല്യു ഒന്നിലെത്തിയതെന്ന് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ കംപ്യൂട്ടേഷനൽ ബയോളജി പ്രഫസർ സിതാഭ്ര സിൻഹ പറയുന്നു.
കേരളം (10), മഹാരാഷ്്ട്ര (3), മണിപ്പൂർ (2), അരുണാചൽ പ്രദേശ് (1), മേഘാലയ (1), മിസോറാം (1) എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലായി 18 ജില്ലകളിൽ കഴിഞ്ഞ നാലാഴ്ചയായി പ്രതിദിന കോവിഡ് കേസുകൾ ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.