പ്രതിപക്ഷത്തും ഭരണപക്ഷത്തും എതിർപ്പ്: ലാറ്ററൽ എൻട്രി വിജ്ഞാപനം റദ്ദാക്കാൻ കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: ഉന്നതപദവികളിലേക്ക് ലാറ്ററൽ എൻട്രി വഴി നിയമനം നൽകാനുള്ള വിജ്ഞാപനം റദ്ദാക്കാൻ നിർദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സിക്ക് കത്തയച്ചു. പ്രതിപക്ഷത്തിനു പിന്നാലെ ഭരണകക്ഷി എം.പിമാരും എതിർപ്പുമായി വന്നതോടെയാണ് കേന്ദ്രത്തിന്‍റെ നീക്കം. 24 മന്ത്രാലയങ്ങളിലെ 45 തസ്തികകളിലേക്കാണ് യു.പി.എസ്.സി നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ തസ്തികകളിലേക്കായിരുന്നു വിജ്ഞാപനം ക്ഷണിച്ചത്.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ബി.ജെ.പി അവർക്ക് താൽപര്യമുള്ളവരെ ഉന്നത പദവികളിൽ നിയമിക്കാൻ വേണ്ടിയാണ് ലാറ്ററൽ എൻട്രി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണ ഗതിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് ഇത്തരം പോസ്റ്റുകളിൽ നിയമിക്കാറുള്ളത്. ജെ.ഡി.യു ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ കൂടി എതിർപ്പ് അറിയിച്ചതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു. പിന്നാലെയാണ് മന്ത്രി യു.പി.എസ്.സിക്ക് കത്തയച്ചത്.
അതേസമയം ലാറ്ററൽ എൻട്രി നേരത്തെ യു.പി.എ സർക്കാറാണ് അവതരിപ്പിച്ചതെന്നും വിവധ മേഖലകളിൽ കഴിവു തെളിയിച്ചവരുടെ സേവനം ലഭ്യമാക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും ബി.ജെ.പി അവകാശപ്പെട്ടു. എന്നാൽ സംവരണ തത്ത്വങ്ങളുൾപ്പെടെ മറികടന്ന് ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ കൂടുതൽ ആർ.എസ്.എസുകാരെ എത്തിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.