രാമോജി ഫിലിം സിറ്റിയിൽ സോഫ്റ്റ്വെയർ കമ്പനിയുടെ രജത ജൂബിലി ആഘോഷം; ഇരുമ്പുകൂട്ടിൽ നിന്ന് വീണ് ഇന്ത്യൻ സി.ഇ.ഒ മരിച്ചു
text_fieldsഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ സോഫ്റ്റ്വെയർ കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങൾക്കിടെ സ്റ്റേജിലുണ്ടായ അപകടത്തിൽ സി.ഇ.ഒ അന്തരിച്ചു. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇന്ത്യൻ വംശജനായ സി.ഇ.ഒ സഞ്ജയ് ഷാ(56)ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോഫ്റ്റ്വെയർ കമ്പനി പ്രസിഡന്റ് വിശ്വനാഥ രാജു ദത്തിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇരുവരെയും ഇരുമ്പു കൂടിനുള്ളില്‍ മുകളില്‍നിന്ന് സ്‌റ്റേജിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരുവശത്തെ ഇരുമ്പ് കയര്‍ പൊട്ടിയതോടെ ഇരുമ്പ് കൂട് ചരിഞ്ഞ് 15 അടി ഉയരത്തില്‍നിന്ന് ഇരുവരും അതിവേഗം കോണ്‍ക്രീറ്റ് തറയിലേക്കു പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 7.40നാണ് അപകടം സംഭവിച്ചത്. സംഗീത പരിപാടിക്കിടെ ഇരുമ്പുകൂട്ടിൽ നിന്ന് ജീവനക്കാർക്കു നേർക്ക് കൈവീശിക്കൊണ്ട് താഴേക്ക് വരികയായിരുന്നു ഇരുവരും. അതിനിടെയാണ് കയർ പൊട്ടി അപകടം സംഭവിച്ചത്. ഷായെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
യു.എസിലെ ഇല്ലിനോയ്ഡ് ആണ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ആസ്ഥാനം. മുംബൈ സ്വദേശിയാണ് ഷാ. 1999ലാണ് ഷാ സ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചത്. 300 ദശലക്ഷം ഡോളറാണ് കമ്പനിയുടെ വരുമാനം. 1600 ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.
കൊക്കക്കോള, യമഹ, സോണി, ഡെല്‍ തുടങ്ങി വമ്പന്‍ കമ്പനികള്‍ വിസ്‌ടെക്കിന്റെ ഇടപാടുകാരാണ്. ഹൈദരാബാദിന് പുറമെ യു.എസ്, കാനഡ, മെക്‌സികോ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.