രാജ്യസഭ കൂടുതൽ അലങ്കോലമാക്കുന്നത് ചെയർമാൻ -ഖാർഗെ
text_fieldsന്യൂഡൽഹി: രാജ്യസഭ ഏറ്റവും കൂടുതൽ അലങ്കോലമാക്കുന്നത് ചെയർമാൻ ജഗ്ദീപ് ധൻഖർ ആണെന്നും സ്വന്തം പ്രമോഷനുവേണ്ടി സർക്കാർ വക്താവിന്റെ പണിയാണ് ഉപരാഷ്ട്രപതി എടുക്കുന്നതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ചെയർമാൻ അവർക്കുള്ള സമയം പോലും അപഹരിച്ച് വേലിതന്നെ വിളവ് തിന്നുന്ന സാഹചര്യമൊരുക്കിയെന്നും ഖാർഗെ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അന്തസ്സിടിക്കുന്ന ഇത്തരം നടപടികൾ കാരണമാണ് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകേണ്ടി വന്നതെന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇൻഡ്യ സഖ്യം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഖാർഗെ വ്യക്തമാക്കി.
സർക്കാറിനെ പുകഴ്ത്തിയും സ്വയം ആർ.എസ്.എസിന്റെ ഏകലവ്യനായി വിശേഷിപ്പിച്ചും കഴിഞ്ഞ മൂന്ന് വർഷമായി ജഗ്ദീപ് ധൻഖർ തന്റെ പദവിയുടെ മഹത്വം കളയുകയാണ്. പ്രതിപക്ഷ നേതാക്കളെ എതിരാളികളായിക്കണ്ട് അവരെ ഹീനമായ തരത്തിൽ അദ്ദേഹം അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ അഞ്ച് മിനിറ്റ് സംസാരിക്കുമ്പോൾ 10 മിനിറ്റ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കണം. പ്രതിപക്ഷം ഗൗരവമേറിയ വിഷയമുന്നയിക്കുമ്പോൾ അത് ചർച്ചയാകാതിരിക്കാൻ പക്ഷപാതപരമായി പെരുമാറുന്നു. ദീർഘകാല അനുഭവജ്ഞാനമുള്ള പാർലമെന്റേറിയന്മാരെ ഹെഡ്മാസ്റ്റർ എന്ന പോലെ പാഠം പഠിപ്പിക്കുന്നു.
രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു ഉപരാഷ്ട്രപതിയെയും നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകിയിട്ടില്ല. എന്നാൽ, ഭരണഘടന നിലവിൽ വന്നതിന്റെ 75ാം വാർഷിക വേളയിൽ ചട്ടം ലംഘിച്ച് രാഷ്ട്രീയം കളിക്കുന്ന പക്ഷപാതിയായ രാഷ്ട്രപതിക്കെതിരെ നോട്ടീസ് നൽകേണ്ടി വന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
ഖാർഗെയെ ശരിവെച്ച് ധൻഖറിനെ പുറത്താക്കാനുള്ള നീക്കത്തെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ്, എസ്.പി, ഡി.എം.കെ, ആർ.ജെ.ഡി, കേരള കോൺഗ്രസ്, ഇടതുപാർട്ടികൾ, എൻ.സി.പി എന്നിവയുടെ നേതാക്കളും വാർത്തസമ്മേളനത്തിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.