പട്ടേലിന്റെ ഭറൂച് തിരിച്ചുപിടിക്കാൻ ചൈതർ
text_fieldsഅഹ്മദാബാദ്: ചൈതർ വാസവ എന്ന യുവ ആദിവാസി നേതാവിന്റെ പോരാട്ടവീര്യംകൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് ഗുജറാത്തിലെ ഭറൂച്ച് മണ്ഡലം. ആദിവാസികളുടെ വനാവകാശത്തിനായും വിവിധ പദ്ധതികൾക്ക് വനഭൂമി വിട്ടുനൽകുന്നതിനെതിരെയും ശക്തമായി നിലയുറപ്പിച്ച് ഹീറോയായി മാറിയ ചൈതർ സർക്കാറിന്റെയും ബി.ജെ.പിയുടെയും നോട്ടപ്പുള്ളിയാണ്.
തന്നെ പൂട്ടാനുള്ള ശ്രമങ്ങളെയെല്ലാം അതിജയിച്ചാണ് 36കാരനായ ചൈതറിന്റെ വോട്ടുപിടിത്തം. തുടർച്ചയായ ഏഴാം വിജയം പ്രതീക്ഷിച്ച ബി.ജെ.പിയുടെ മൻസുഖ് വാസവിന് കടുത്ത വെല്ലുവിളിയാണ് ആം ആദ്മി പാർട്ടി (ആപ്) സ്ഥാനാർഥിയായ ചൈതർ. ഇരുവരും ഒരേ സമുദായക്കാരും ബന്ധുക്കളുമാണ്.
2022ൽ ഭാരതീയ ട്രൈബൽ പാർട്ടി (ബി.ടി.പി) വിട്ട് ആപ്പിൽ ചേർന്ന ചൈതർ സംവരണ നിയമസഭ മണ്ഡലമായ ഡെഡിയാപാടയിൽ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തു. ചൈതറിനെ ഭറൂച്ച് ലോക്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ അന്നേ ആപ് തീരുമാനിച്ചതാണ്. അതനുസരിച്ച് ഒരു വർഷമായി മണ്ഡലത്തിൽ തനിക്ക് വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.
ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ആപ്പിന് കോൺഗ്രസ് മണ്ഡലം വിട്ടുനൽകിയതോടെ സാധ്യതകളുമേറി. എന്നാൽ, ബി.ടി.പി അധ്യക്ഷൻ ചോട്ടു വാസവ മകൻ ദിലിപ് വാസവയേ സ്ഥാനാർഥിയാക്കി. ചൈതറിന്റെ വോട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ആരോപിക്കപ്പെടുന്നു.
വനാവകാശ സമരത്തിനിടെ വനപാലകരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിൽ ചൈതർ വാസവയേയും ആദ്യ ഭാര്യ ശകുന്തളയേയും മറ്റ് എട്ടുപേരെയും കനത്ത വകുപ്പുകൾ ചുമത്തി ജയിലിലടച്ചു. ജനുവരിയിൽ കടുത്ത ഉപാധികളോടെ ചൈതറിന് കോടതി ജാമ്യം നൽകിയെങ്കിലും മറ്റുള്ളവർക്കുകൂടി ജാമ്യം കിട്ടുന്നതുവരെ ജയിലിൽനിന്ന് ഇറങ്ങാതെ കാത്തിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചതായി പീർഅമനിൽ കഴിയുന്ന ഫാറൂഖ് പട്ടേൽ പറഞ്ഞു.
ചൈതറിന്റെ വീടുള്ള നർമദയിൽ പ്രവേശനം നിഷേധിക്കുന്നതാണ് ജാമ്യ ഉപാധികളിലൊന്ന്. നർമദയുടെ ഭാഗങ്ങൾ ഭറൂച്ച് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു. ജാമ്യവ്യവസ്ഥ ചൈതറിന് പ്രതികൂലമാകുമെന്ന് കരുതിയവർക്ക് തെറ്റി. അദ്ദേഹത്തിന്റെ ഭാര്യമാരായ ശകുന്തളയും വർഷയും ഒരുമിച്ച് വോട്ടു പിടിക്കാനിറങ്ങി. ഭർത്താവിന്റെ രാഷ്ട്രീയ കരിയർ മിനുക്കാൻ സർക്കാർ ഉദ്യോഗം രാജിവെച്ചാണ് ഇരുവരും രംഗത്തു വന്നത്.
വനാവകാശം നൽകിയില്ലെങ്കിൽ, ആദിവാസികളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ നടപ്പാക്കിയിട്ടില്ലെങ്കിൽ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വാസവ സമുദായങ്ങൾ പാർക്കുന്ന ദേശങ്ങളെ ചേർത്ത് തങ്ങൾക്ക് പഴയ ഭിൽ സംസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടു വരുമെന്ന ചൈതറിന്റെ പ്രഖ്യാപനം വാസവ സമൂഹത്തിൽ അലയൊലികൾ തീർത്തിട്ടുണ്ട്. അരാജകത്വത്തിനു വഴിവെക്കുമെന്ന് പറഞ്ഞാണ് മൻസുഖ് വാസവ ഇതിനെ നേരിട്ടത്.
1989 വരെ ഭറൂച്ച് കോൺഗ്രസിന്റെതായിരുന്നു. ’77 മുതൽ ’89 വരെ തുടർച്ചയായി മൂന്ന് തവണ കോൺഗ്രസ് ഹൈകമാൻഡിന്റെ അടുപ്പക്കാരനായിരുന്ന അഹ്മദ് പട്ടേലായിരുന്നു പ്രതിനിധി. അദ്ദേഹത്തിന് ശേഷം കോൺഗ്രസ് മണ്ഡലത്തിൽ വാണിട്ടില്ല. പിതാവിന്റെ പാരമ്പര്യം തിരിച്ചുപിടിക്കാൻ സീറ്റ് അദ്ദേഹത്തിന്റെ മകൾ മുംതാസ് പട്ടേൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.