ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലെന്ന് മല്ലികാർജുൻ ഖാർഗെ
text_fieldsമുംബൈ: രാജ്യത്ത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണ് ചായക്കടക്കാരന് പോലും ഇവിടെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ.
കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്ന് മോദി എല്ലാ ചടങ്ങുകളിലും ചെന്ന് ചോദിക്കാറുള്ളതാണ്. ഒരു ചായക്കടക്കാരനായ അദ്ദേഹത്തിനു പോലും രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചത് കോണ്‍ഗ്രസ് ഇവിടെ ജനാധിപത്യം സംരക്ഷിച്ചതിനാലാണെന്ന് ഖാര്‍ഗെ പറഞ്ഞു.
മോദി സർക്കാർ പല പദ്ധതികളും വാഗ്ദാനം ചെയ്തുവെങ്കിലും അതെല്ലാം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. മോദി സർക്കാർ പരസ്യത്തിനു പണം ചെലവഴിക്കുന്നത് അനിയന്ത്രിതമായാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് 'അച്ഛേദിന്‍' വരണമെങ്കില്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ വ്യക്തിഹത്യ ചെയ്യാന്‍ ബി.ജെ.പിയുടെ ഭാഗത്തു നിന്ന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കാറുണ്ട്. കോണ്‍ഗ്രസ് ഒരു കുടുംബമാണ്, ഞങ്ങളെല്ലാം അതിലെ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
43 വര്‍ഷം മുന്‍പത്തെ അടിയന്തിരാവസ്ഥയെക്കുറിച്ച് മോദി സംസാരിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി നടക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ കുറിച്ച് എന്താണ് പറയാനുള്ളത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, കാര്‍ഷികപദ്ധതികള്‍ പരാജയപ്പെടുന്നു, കര്‍ഷകര്‍ക്ക് വായ്പകള്‍ ലഭിക്കുന്നില്ല. വ്യാപാര മേഖല മന്ദഗതിയിലാണ് നീങ്ങുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
മോദി സർക്കാറിനെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും കോൺഗ്രസിന് മഹാരാഷ്ട്രയിൽ വിജയിക്കാനായാൽ ലോക്സഭയിലും ജയിക്കാനാകുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.