അമേത്തിയിൽ സ്മൃതി ഇറാനിക്ക് അഗ്നിപരീക്ഷ
text_fieldsകഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് അഗ്നിപരീക്ഷ സമ്മാനിച്ച സ്മൃതി ഇറാനി അതേ അമേത്തിയിൽ സ്വയം അഗ്നിപരീക്ഷ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് ഇത്തവണ. അതും ഗാന്ധികുടുംബത്തിന്റെ ചപ്പരാസിയെന്ന് ബി.ജെ.പി പ്രവർത്തകർ പരിഹസിക്കുന്ന കിഷോരിലാൽ ശർമയോട്.
രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി നിയോജകമണ്ഡലത്തിലെ സമാജ്വാദി പാർട്ടിയുടെ പ്രമുഖ നേതാവിനെ ബി.ജെ.പിയിലേക്കാനയിച്ച് ജഗത്പുർ സലോൻ റോഡിൽ സംഘടിപ്പിച്ച വിശാല ജനസഭക്ക് ശേഷമാണ് അമേത്തിയിൽ സ്മൃതി വെള്ളിയാഴ്ച തന്റെ ജനസസമ്പർക്ക പരിപാടി തുടങ്ങുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഊംചാഹാർ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള സിറ്റിങ് എം.എൽ.എയും അഖിലേഷ് യാദവ് മന്ത്രിയുമായിരുന്ന ഡോ. മനോജ് കുമാർ പാണ്ഡെയെ വരവേറ്റത്. അമേത്തി ലോക്സഭാ മണ്ഡലത്തിൽ സ്മൃതി ഇറാനിക്ക് ലീഡ് നൽകുമെന്ന് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നിയമസഭാ മണ്ഡലത്തിലായിരുന്നു വെള്ളിയാഴ്ച ജനസമ്പർക്ക പരിപാടി.
‘സൽഭാവ് മുലാഖാത്’ എന്ന് പേരിട്ട ജനസമ്പർക്ക പരിപാടിക്ക് ഖേംമൗ ഗ്രാമത്തിലെത്തിയപ്പോൾ സ്ഥാനാർഥി വരുമെന്ന് പറഞ്ഞ നാല് മണിക്കും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രാദേശിക നേതാക്കൾ ജനങ്ങളെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ‘നിരത്തിയിട്ട കസേരകളിലേക്ക് കടന്നിരിക്കണമെന്നും വേഗമിരുന്നില്ലെങ്കിൽ സ്മൃതിജി എത്തിയാൽ പിന്നെ ഇരിക്കാനാവില്ലെന്ന്’ വേദിയിൽനിന്നും അനൗൺസ്മെന്റ് വരുന്നുണ്ട്.
ജനസമ്പർക്ക പരിപാടിയുടെ സംഘാടകനായ പ്രാദേശിക ബി.ജെ.പി നേതാവ് സമർ ബഹാദൂർ സിങ് സ്മൃതിയെ കാത്തുനിൽക്കുന്നതിനിടയിലാണ് അമേത്തിയിലെ തന്റെ പാർട്ടിയുടെ സാധ്യതകളെ കുറിച്ച് ‘മാധ്യമ’ത്തോടു സംസാരിച്ചത്.
അമേത്തി ലോക്സഭാ മണ്ഡലത്തിൽ ആകെ കൂടി ബി.ജെ.പിക്ക് എണ്ണായിരം വോട്ടു കിട്ടുന്ന കാലത്തും രണ്ടായിരം വോട്ട് നൽകിയ നിയമസഭാ മണ്ഡലമാണ് ജഗദീഷ് പുർ. ഇത്തവണ സ്മൃതി ഉറപ്പായും ഇവിടെ ലീഡ് പ്രതീക്ഷിക്കുന്നതും അതുകൊണ്ടാണ്. അമേത്തിയിൽ രാജീവ് ഗാന്ധിക്ക് ലീഡ് നൽകാതിരുന്ന പഞ്ചായത്താണ് ഖേംമൗ എന്ന് പ്രധാൻ സതീഷ് മിശ്ര അടിവരയിട്ടു. അമേത്തിയിൽ ബി.ജെ.പിക്ക് അടിത്തറയിട്ട ഈ പഞ്ചായത്തിൽ സ്മൃതിയുടെ ജനസമ്പർക്ക പരിപാടിക്ക് എത്തിയത് 500ഒാളം പേരാണ്.
ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പമാണെങ്കിലും അതേസമയം 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പിക്കും കോൺഗ്രസിനും ലഭിച്ച വോട്ടുകൾ ചേർത്തുവെച്ചാൽ എൻ.ഡി.എ 75,000 വോട്ടിനെങ്കിലും പിറകിലാണ്. ഈ മൈനസിൽനിന്ന് വേണം ബി.ജെ.പിക്ക് ജയിക്കാനുള്ള വോട്ടുകൾ പിടിക്കാൻ. 2019ൽ സ്ഥാനാർഥിയെ നിർത്താത്ത ബി.എസ്.പി ജാട്ടവ് സമുദായക്കാരനെ ഇപ്രാവശ്യം രംഗത്തിറക്കിയതും കൂടുതൽ ബാധിക്കുക ബി.ജെ.പിയെയാണ്.
ദലിത് സമുദായമായ ജാട്ടവുകൾ കഴിഞ്ഞതവണ പാസി, കൊഹ്ലി സമുദായങ്ങളെ പോലെ ബി.ജെ.പിക്ക് വോട്ടുചെയ്തിരുന്നവരാണ്. അതിൽനിന്ന് ബി.എസ്.പി പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. നാലര ന്യൂനപക്ഷ വോട്ടുകൾ അമേത്തിയിൽ വലിയൊരു വോട്ടുബാങ്കാണെന്നും അതപ്പാടെ തങ്ങൾക്കെതിര് വീഴുമെന്നും ബി.ജെ.പി കരുതുന്നു.
എന്നിട്ടും അമേത്തിയിൽ ബി.ജെ.പി ജയിക്കുമെന്ന് താൻ പറയുന്നത് ഇതെല്ലാം കണ്ട് ഭൂരിപക്ഷത്തിനുള്ള പണിയെടുത്തതിന്റെ അടിസ്ഥാനത്തിലാണെന്ന് സമർ വ്യക്തമാക്കി. വോട്ടു ചെയ്യിക്കാതെ ശബ്ദഘോഷങ്ങൾകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് സമർ ബഹാദൂർ സിങ് പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ ബഹളമയമായ പ്രചാരണം കണ്ട് അവർ ജയിച്ചുപോകുമെന്ന് കരുതേണ്ടെന്ന് പറയുകയായിരുന്നു സമർ.
എന്നാൽ സ്മൃതിക്കു കിട്ടുന്ന വോട്ടുകൾ അവർക്കുള്ളതല്ലെന്ന് ഓർമിപ്പിക്കാനും അദ്ദേഹം മറന്നില്ല. കിട്ടുന്ന വോട്ടുകൾ മോദിക്കും യോഗിക്കുമുള്ളതാണ്. അവർക്കാണ് ജനം വോട്ടുനൽകുന്നതെന്ന ബോധ്യത്തിലാണ് സ്മൃതി ഇറാനി എത്തിയപ്പോൾ ‘നരേന്ദ്ര മോദി -സ്മൃതി ഇറാനി’ എന്ന് സതീഷ് മിശ്ര അടക്കമുള്ള പ്രാദേശിക നേതാക്കൾ മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.