ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsറാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു.
ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപായ് സോറന്‍റെ സത്യപ്രതിജ്ഞ. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായിയെ വ്യാഴാഴ്ച അർധ രാത്രിയാണ് ഗവർണർ സർക്കാർ രൂപവത്കരണത്തിനായി ക്ഷണിച്ചത്. പത്തു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചംപായ് സോറൻ 43 എം.എൽ.എമാരുടെ പിന്തുണക്കത്തുമായി രാജ്‍ഭവനിലെത്തി വ്യാഴാഴ്ച ഗവർണറെ കണ്ടിരുന്നു. എന്നാൽ, സത്യപ്രതിജ്ഞക്കായി ഗവർണർ ക്ഷണിക്കുന്നത് നീണ്ടുപോയതാണ് അനിശ്ചിതത്വങ്ങൾക്ക് ഇടയാക്കിയത്. എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതായി സംശയം ഉയർന്നതിനെ തുടർന്ന് അവരെ വിമാനത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു.
എന്നാൽ, മോശം കാലവസ്ഥമൂലം വിമാന യാത്ര റദ്ദാക്കി. ഇ.ഡി ചോദ്യംചെയ്തതിന് പിന്നാലെ ബുധനാഴ്ച രാത്രി 8.45ന് രാജ്‍ഭവനിലെത്തി ഹേമന്ത് സോറൻ രാജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.