ചണ്ഡിഗഢിനായി പഞ്ചാബ് പ്രമേയം; ആശങ്കയുമായി ഖട്ടർ
text_fieldsചണ്ഡീഗഡ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ അയൽ സംസ്ഥാനമായ പഞ്ചാബ് അവകാശവാദം ഉന്നയിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൊവ്വാഴ്ച നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ചണ്ഡിഗഢിനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് പഞ്ചാബ് സർക്കാർ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഹരിയാന സർക്കാർ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചത്. പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമാണ് ചണ്ഡിഗഢ്.
ചണ്ഡിഗഢിൽ പഞ്ചാബ് അവകാശവാദം ഉന്നയിക്കുന്നത് ഹരിയാനയിലെ ജനങ്ങൾക്ക് സ്വീകാര്യമല്ല. 2022 ഏപ്രിൽ ഒന്നിന് പഞ്ചാബ് നിയമസഭ പാസാക്കിയ പ്രമേയത്തെ ഈ സഭ ആശങ്കയോടെ കാണുന്നു. വിഷയം കേന്ദ്ര സർക്കാറുമായി ചർച്ചചെയ്യണം. നിലവിലെ സന്തുലിതാവസ്ഥക്ക് ഭംഗം വരുത്തുന്ന നടപടികളൊന്നും സ്വീകരിക്കരുതെന്നും പഞ്ചാബിന്റെ പുനഃസംഘടനയിൽനിന്ന് ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതുവരെ ഐക്യം നിലനിർത്തണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടാൻ സഭ തീരുമാനിച്ചു. സത്‌ലജ്-യമുന ലിങ്ക് കനാൽ നിർമാണ നടപടിയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പഞ്ചാബിലെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങൾ ഹരിയാനയിലേക്ക് മാറ്റണമെന്നും ഖട്ടർ നിർദേശിച്ചു.
കൂടാതെ, ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോർഡിന്റെ (ബി.ബി.എം.ബി) പ്രശ്‌നവും മുഖ്യമന്ത്രി ഉന്നയിച്ചു. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി ചണ്ഡിഗഢിലെ ഹരിയാന സംസ്ഥാനത്ത് പ്രത്യേക ഹൈകോടതിക്കായി ഈ സഭ മുമ്പ് പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.