ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് വരണാധികാരി അനിൽ മസീഹ്
text_fieldsചണ്ഡിഗഢ്: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയത് തെളിഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവർക്ക് മുമ്പാകെയാണ് ബാലറ്റ് പേപ്പറുകളുടെ കൃത്രിമവുമായി ബന്ധപ്പെട്ട് കോടതിയിൽ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പപേക്ഷ നൽകിയത്. തന്റെ മുന്നിൽ എത്തുന്നതിന് മുമ്പുതന്നെ എട്ട് ബാലറ്റ് പേപ്പറുകളും വികൃതമായ നിലയിലായിരുന്നുവെന്ന് മസീഹ് തെറ്റായ മൊഴി നൽകിയെന്ന് നേരത്തെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗിയാണ് ബി.ജെ.പി നേതാവ് കൂടിയായ അനിൽ മസീഹിന് വേണ്ടി കോടതിയിൽ ഹാജരായത്. അനിൽ മസീഹുമായി ദീർഘമായി സംസാരിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരുപാധികം മാപ്പ് പറയുന്നതെന്നും റോഹ്തഗി പറഞ്ഞു. ആദ്യത്തെ സത്യവാങ്മൂലം പിൻവലിച്ച് കോടതിയുടെ മഹാമനസ്‌കതക്ക് മുന്നിൽ കീഴടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച നടപടി നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ജനുവരി 30ന് നടന്ന ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യത്തിന്റെ എട്ട് വോട്ടുകളിൽ വരണാധികാരിയായിരുന്ന അനിൽ മസീഹ് കൃത്രിമം കാണിക്കുകയും അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗൺസിലർ കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ഇടക്കാല ഉത്തരവിന് ഹൈകോടതി വിസമ്മതിച്ചതോടെ സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു. വോട്ടെടുപ്പിന്റെ വിഡിയോ അടക്കം പരിശോധിച്ച സുപ്രീം കോടതിക്ക് കൃത്രിമം ബോധ്യപ്പെടുകയും അസാധുവാക്കിയ ബാലറ്റുകൾ സാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. എ.എ.പി-കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിനെ പുതിയ മേയറായും പ്രഖ്യാപിച്ചു.
ദൃശ്യങ്ങൾ പരിശോധിച്ച കോടതി, ‘വരണാധികാരി ജനാധിപത്യത്തെ കൊലപ്പെടുത്തുകയും പരിഹസിക്കുകയും’ ചെയ്തതായി അഭിപ്രായപ്പെട്ടിരുന്നു. കോടതിയിൽ തെറ്റായ മൊഴി നൽകിയ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിന് അദ്ദേഹത്തിന് നോട്ടീസും നൽകി.
35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിന് അനുകൂലമായ എട്ട് വോട്ടുകൾ അസാധുവായി വരണാധികാരി പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. ഈ നടപടിയാണ് സുപ്രീം കോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.