ഇ.ഡിയുടെ സമൻസ് ചണ്ഡീഗഡിലെ വിജയത്തിന്‍റെ പ്രതികാരം -എ.എ.പി
text_fieldsന്യൂഡൽഹി: ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലെ സുപ്രീം കോടതി വിധിയോടുള്ള സർക്കാരിന്‍റെ പ്രതികരണമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള ഇ.ഡിയുടെ ഏറ്റവും പുതിയ സമൻസെന്ന് ആം ആദ്മി പാർട്ടി.
"ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഉത്തരവ് വന്നത് മുതൽ ഇ.ഡിയും സി.ബി.ഐയും നടത്താൻ സാധ്യതയുള്ള അറസ്റ്റുകളെയും റെയ്ഡുകളെയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ചണ്ഡീഗഡിലെ എ.എ.പിയുടെ വിജയത്തിന് പ്രതികാരം ചെയ്യാൻ ബി.ജെ.പി ആഗ്രഹിക്കുന്നു. ഇ.ഡി ഇന്ന് അരവിന്ദ് കെജ്രിവാളിനെതിരെ അയച്ച സമൻസ് ചണ്ഡീഗഢിൽ സംഭവിച്ചതിന് പ്രതികാരം ചെയ്യാനുള്ള ശ്രമം മാത്രമാണ്"- എ.എ.പി നേതാവ് അതിഷി പറഞ്ഞു.
എ.എ.പി എന്തെങ്കിലും ചെയ്‌താൽ ഉടൻ തന്നെ ഇ.ഡി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയക്കുമെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമെന്ന് പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.
ജനുവരി 30ന് നടന്ന ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ അനിൽ മസീഹ് ബാലറ്റ് പേപ്പറുകളിൽ കുത്തിവരക്കുന്നത് കാമറയിൽ പതിയുകയായിരുന്നു. തുടർന്ന് എ.എ.പി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരം ഇ.ഡി അരവിന്ദ് കെജ്‌രിവാളിന് ഏഴാമത്തെ സമൻസാണ് അയക്കുന്നത്. നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യുമെന്നതായിരുന്നു കഴിഞ്ഞ സമന്‍സുകളെ കുറിച്ചുള്ള ചോദ്യത്തിന് കെജ്‌രിവാളിന്റെ മറുപടി.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. വിവാദമായതോടെ 2023 ജൂലൈയില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.