ചാന്ദ്നി ചൗക്കിലെ വ്യാപാരി വോട്ടിൽ കണ്ണുവെച്ച് ബി.ജെ.പിയും കോൺഗ്രസും
text_fieldsമുഗൾ ഭരണത്തിന്റെ അവശേഷിപ്പുകൾ ഏറെയുള്ള മണ്ഡലമാണ് ചാന്ദ്നി ചൗക്. ഡൽഹിയിലെ പ്രധാന വ്യാപാര കേന്ദ്രം. വിസ്തൃതികൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെറിയ മണ്ഡലം. എന്നാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒാരോ ഇടവഴികളിലുമെത്തി വോട്ടർമാരെ കണ്ടുതീരാൻ സ്ഥാനാർഥികൾക്ക് ഏറെ ഓടേണ്ടിവരും. വ്യാപാരികളും അവരുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുമാണ് മണ്ഡലത്തിലെ വോട്ട് ബാങ്ക്. അതുകൊണ്ടുതന്നെ വിലക്കയറ്റം, കോവിഡ് മഹാമാരി, ജി.എസ്.ടി, ഓൺലൈൻ വിപണിമൂലമുണ്ടായ തകർച്ച തുടങ്ങിയ വിഷയങ്ങളാണ് ഇവിടത്തെ പ്രധാന ചർച്ച.
മണ്ഡലം നിലനിർത്താൻ വ്യാപാരി സംഘടനയുടെ പ്രതിനിധിയായ പര്‍വീണ്‍ ഖണ്ഡേല്‍വാളിനെയാണ് ബി.ജെ.പി ഇവിടെ മത്സരത്തിനിറക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും വോട്ടർമാർ എന്നും കാണുന്ന മുഖം. ആമസോണിനെതിരെ സമരം ചെയ്തും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തും നടന്ന സമരങ്ങളിൽ മുൻ നിരയിലുണ്ടായിരുന്നു പർവീൺ. വ്യാപാര, വാണിജ്യ വിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സ്ഥിരം പ്രതിനിധിയും.
ഇൻഡ്യ മുന്നണി സ്ഥാനാർഥി ജെ.പി അഗർവാളും മോശമല്ല. മൂന്ന് തവണ ഇവിടെനിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ള കോൺഗ്രസ് നേതാവാണ്. ഒരു തവണ രാജ്യസഭാംഗവുമായി. 80ലേക്ക് കടക്കുന്ന അഗർവാളിന് താൻ ജനിച്ച്, കളിച്ചുവളർന്ന തെരുവുകളിലൂടെ വോട്ട് തേടി ഓടുമ്പോൾ പ്രായത്തിന്റെ അവശതകളൊന്നും കാണാനില്ല. അധിക വോട്ടർമാരും എന്നും കാണുന്ന മുഖം തന്നെയാണെന്ന് അഗർവാൾ പറയുന്നു. ചാന്ദ്നി ചൗക്കിന്റെ സ്പന്ദനം അറിയുന്ന അഗർവാൾ കളമറിഞ്ഞാണ് പ്രചാരണം നടത്തുന്നത്. ജി.എസ്.ടിയിലെ പോരായ്മ മുതൽ അവർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഉയർത്തിക്കാട്ടുന്നു. ഇതോടൊപ്പം സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി സർക്കാർ ഇവിടെ നടപ്പാക്കിയ വികസനവും. ചെങ്കോട്ട മുതൽ ഫത്തേഹ്പുരി മസ്ജിദ് വരെ നീളുന്ന 1.3 കിലോമീറ്റർ നീളമുള്ള ഭാഗം ചെങ്കല്ലുകൾ പതിച്ച് വൃത്തിയാക്കിയിരിക്കുന്നു. ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സി.സി ടി.വി സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രണവും കൂടി വന്നതോടെ വ്യാപാരികൾ സന്തുഷ്ടരാണ്. ഇത് വോട്ടാക്കാനുള്ള പ്രയത്നത്തിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും.
ചാന്ദ്നി ചൗക്കിലെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ട മുൻ കേന്ദ്രമന്ത്രി ഹർഷവർധനെ മത്സരിപ്പിച്ചാണ് മണ്ഡലം കോൺഗ്രസിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തത്. എന്നാൽ, മോദി-അമിത് ഷാ കൂട്ടുകെട്ടിന് താൽപര്യമില്ലാതിരുന്ന ഹർഷ വർധനെ കോവിഡ് കാലഘട്ടത്തില്‍ മന്ത്രിസഭ പുനഃസംഘടിച്ചപ്പോൾ പദവി നൽകിയില്ല. ഇക്കുറി തെരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തി. പിന്നാലെ, ബി.ജെ.പിയെ ഞെട്ടിച്ച് ഹർഷ് വർധൻ രാഷ്ട്രീയം ഉപേക്ഷിക്കുകയുണ്ടായി. വിഷയം മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർക്കിടയിൽ നീരസം ഉണ്ടാക്കിയിട്ടുണ്ട്.
2019ൽ 52.94 ശതമാനത്തിനാണ് ബി.ജെ.പി സ്ഥാനാർഥി ഹർഷ് വർധൻ വിജയിച്ചത്. കോൺഗ്രസിന് 29.67 ശതമാനവും ആം ആദ്മി പാർട്ടിക്ക് 14.74 ശതമാനവും വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നിയമസഭ സീറ്റിൽ നിയമസഭ സീറ്റുകൾ മുഴുവൻ ആം ആദ്മി പാർട്ടി നേടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.