ചാരത്തിൽനിന്നുയർന്ന് ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: ചാരത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പാണ് ചന്ദ്രബാബു നായിഡുവിന്റേത്. അഞ്ചു വർഷം മുമ്പ് തന്നേക്കാൾ എത്രയോ ചെറുപ്പമായ ജഗൻ മോഹൻ റെഡ്ഡിയോട് തോൽവി സമ്മതിക്കേണ്ടി വന്ന നായിഡു ഇത്തവണ ബി.ജെ.പിയും ജനസേന പാർട്ടി (ജെ.എൻ.പി)യുമായി ചേർന്ന് നിയമസഭയിലും ലോക്സഭയിലും പൊന്നിൻതിളക്കമുള്ള വിജയം കൊയ്തു. അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ ഓർമ മായുംമുമ്പാണ് നായിഡു വിജയത്തിന്റെ ആഹ്ലാദം കൈപ്പിടിയിൽ ഒതുക്കിയത്. ഇപ്പോഴത്തെ നിയമസഭയിൽ ടി.ഡി.പിക്ക് 23 അംഗങ്ങളാണുള്ളത്.
1950 ഏപ്രിൽ 20ന് ചിറ്റൂർ ജില്ലയിലെ നരവരിപള്ളിയിലാണ് നായിഡുവിന്റെ ജനനം. മുഴുവൻ പേര് നര ചന്ദ്രബാബു നായിഡു. തിരുപ്പതി ശ്രീ വെങ്കടേശ്വര സർവകലാശാലയിലെ പഠനകാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുജീവിതത്തിന് തുടക്കമിട്ടത്. കോൺഗ്രസിൽ ചേർന്ന നായിഡു കാബിനറ്റ് മന്ത്രിയായി. പിന്നീട് തന്റെ ഭാര്യാപിതാവും തെലുങ്ക് സിനിമയിലെയും രാഷ്ട്രീയത്തിലെയും അതികായനുമായിരുന്ന എൻ.ടി. രാമറാവുവിന്റെ ടി.ഡി.പിയിലേക്ക് കൂറുമാറി. 1995ൽ ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട് രണ്ടു തവണകൂടി മുഖ്യമന്ത്രിക്കസേരയിലെത്തി. ഐക്യ ആന്ധ്രയുടെ കാലത്താണ് രണ്ടുതവണ മുഖ്യമന്ത്രിപദത്തിലെത്തിയത്.
ഹൈദരാബാദിനെ ആധുനികവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആധുനിക ഹൈദരാബാദിന്റെ ശിൽപി എന്ന പേര് ചന്ദ്രബാബു നായിഡുവിനുള്ളതാണ്. തലസ്ഥാനത്തെ ഐ.ടി കേന്ദ്രമാക്കുന്നതിലും മുന്നിൽ നിന്നു. ’90കളിൽ ആദ്യ എൻ.ഡി.എ സർക്കാറിന്റെ രൂപവത്കരണത്തിന് പുറമെ നിന്ന് പിന്തുണ നൽകി കാര്യമായ സഹായം നൽകി. സംസ്ഥാന വിഭജന ശേഷമുള്ള ആന്ധ്രയിലെ ആദ്യ മുഖ്യമന്ത്രിയും (2014-2019) നായിഡുവായിരുന്നു. മൂന്നാംവരവിൽ തലസ്ഥാന നഗരമെന്ന നിലക്ക് അമരാവതിയുടെ നിർമാണവും വികസനവും സ്വപ്നംകണ്ട് പദ്ധതികൾ ആവിഷ്‍കരിച്ചു. പക്ഷേ, അധികാരം നഷ്ടമായതോടെ അമരാവതി പദ്ധതികൾ തുടങ്ങിയിടത്തുതന്നെ നിന്നു. ജഗൻ മോഹൻ റെഡ്ഡിയാകട്ടെ ബോധപൂർവം അമരാവതിയെ അവഗണിച്ചു. 2023ൽ നൈപുണ്യ വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട അറസ്റ്റും തുടർന്നുള്ള ജയിൽവാസവും നായിഡുവിന്റെ രാഷ്ട്രീയ അസ്തമയമായി പലരും സ്വപ്നംകണ്ടിരുന്നു. എന്നാൽ, അത് ദിവാസ്വപ്നമായി അവശേഷിച്ചു. നായിഡു വീണ്ടും എതിരാളികളെ വകഞ്ഞുമാറ്റി മുന്നോട്ടുനീങ്ങുന്ന കാഴ്ച അത്ഭുതത്തോടെയാണ് രാഷ്ട്രീയ ലോകം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.