ചന്ദ്രബാബു നായിഡു മാപ്പ് പറയണം; ലോക് ഡൗൺ നിയമം ലംഘിച്ചതിൽ പ്രതിഷേധം
text_fieldsഅമരാവതി: തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ക്വാറന്‍റീൻ നിയമങ്ങൾ ലംഘിച്ചെന്നും അദ്ദേഹം ക്വാറന്‍റീനിൽ പോകാൻ തയാറാകണമെന്നും വൈ.എസ്.ആർ കോൺഗ്രസ്. കഴിഞ്ഞ ദിവസം തെലങ്കാനയിൽ നിന്നും റോഡ് മാർഗം ആന്ധ്രപ്രദേശിലെത്തിയ ചന്ദ്രബാബു നായിഡുവിനെ വലിയൊരു സംഘമാണ് അനുഗമിച്ചത്. രണ്ട് മാസങ്ങൾക്ക് ശേഷം എത്തിയ നായിഡുവിനെ സ്വീകരിക്കാനും വലിയ ജനക്കൂട്ടം എത്തിയിരുന്നു. ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതിനുശേഷവും റോഡ് മാർഗം യാത്ര ചെയ്തത് ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും വൈ.എസ്.ആർ കോൺഗ്രസ് ആരോപിച്ചു.
രാജ്യം മെയ് 31 വരെ ലോക് ഡൗണിലാണ്. കോവിഡ് 19 നിർദേശങ്ങളും സാമൂഹ്യ അകലവും പാലിച്ചുകൊണ്ടാണ് ജനങ്ങൾ ജീവിക്കുന്നത്. ഇതിനിടെയാണ് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ചുകൊണ്ട് റാലിയും സാമൂഹ്യ അകലം പാലിക്കാതെയുള്ള സ്വീകരണങ്ങളും മാസ്ക് പോലും ധരിക്കാതെയുള്ള മാല ചാർത്തലും നടന്നത്. അദ്ദേഹത്തെപോലെ മുതിർന്ന രാഷ്ട്രീയ നേതാവിന് ഇതെല്ലാം ചെയ്യാൻ കഴിയുന്നത് എങ്ങനെയാണ്? അദ്ദേഹം മാപ്പ് പറയണം.
റെഡ് സോണിൽ നിന്നും വന്നതിനാൽ ചന്ദ്രബാബു നായിഡു തീർച്ചയായും ക്വാറന്‍റീനിൽ പോകണം. രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യമായി ഉപയോഗിക്കാനാണ് നായിഡു ശ്രമിക്കുന്നതെന്നും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ഗഡിക്കോട്ട ശ്രീകാന്ത് റെഡ്ഢി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.