ജയിലിലല്ല, ജനങ്ങളുടെ ഹൃദയത്തിൽ; പാർട്ടി പ്രവർത്തകർക്ക് ചന്ദ്രബാബു നായിഡുവിന്റെ കത്ത്
text_fieldsഹൈദരാബാദ്: അഴിമതിക്കേസിൽ ഒരുമാസത്തോളമായി ജയിലിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി(ടി.ഡി.പി)നേതാവുമായ എൻ. ചന്ദ്രബാബു നായിഡു ദസറക്കുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കാൻ ജയിലിൽ നിന്ന് പാർട്ടി പ്രവർത്തകർക്ക് കത്തെഴുതി. ദസറക്ക് പാർട്ടിയുടെ പൂർണ പ്രകടനപത്രിക പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജയിലിൽ കഴിയുകയാണെങ്കിലും പാർട്ടിയോടും പാർട്ടി അനുയായികളോടുമുള്ള പ്രതിബന്ധത ഒട്ടും കുറയില്ലെന്നായിരുന്നു അദ്ദേഹം കത്തിൽ സൂചിപ്പിച്ചത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതിക്കേസിൽ സെപ്റ്റംബർ ഒമ്പതിനാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ജയിലിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താനെന്നും നായിഡു കുറിച്ചു.
തന്റെ പ്രാഥമിക ശ്രദ്ധ തെലുഗു ജനതയുടെ വികസനവും ക്ഷേമവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മൂന്നുതവണ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ നായിഡു. തിരഞ്ഞെടുപ്പ് തോൽവി ഭയക്കുന്നതിനാൽ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പി തന്നെ ജയിലിൽ അടച്ച് ആളുകളിൽ നിന്ന് അകറ്റി നിർത്തുകയാണെന്നും ടി.ഡി.പി നേതാവ് ആരോപിച്ചു. കെട്ടിച്ചമച്ച ഗൂഢാലോചനകളുടെ അടിസ്ഥാനത്തിൽ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. തന്റെ അഭാവത്തിൽ തന്റെ ഭാര്യ നര ഭുവനേശ്വരി തനിക്ക് വേണ്ടി വാദിക്കുമെന്നും 'നിജാം ഗെലാവലി' എന്ന പ്രചാരണത്തിലൂടെ ജനങ്ങളുമായി ഇടപഴകുമെന്നും നായിഡു കത്തിൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. അതേസമയം, ടി.ഡി.പി തലവന്റെ മകനും പാർട്ടി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി അധ്യക്ഷനുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ തന്റെ എക്‌സ് പോസ്റ്റിൽ വിമർശിച്ചു.
നൈപുണ്യ വികസന കുംഭകോണക്കേസിലെ ഹരജിയിൽ വിധി പറയും വരെ ഫൈബർ നെറ്റ് കേസിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ആന്ധ്രാപ്രദേശ് പോലീസിനോട് സുപ്രീം കോടതി വെള്ളിയാഴ്ച ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.