9,000ലധികം തവണ ചന്ദ്രനെ വലംവെച്ച് ചന്ദ്രയാൻ-2
text_fieldsബംഗളൂരു: 'ചന്ദ്രയാൻ-2' ദൗത്യത്തിലെ പേടകമായ ഒാർബിറ്റർ രണ്ടു വർഷത്തിനിടെ 9,000ത്തിൽ അധികം തവണ ചന്ദ്രനെ വലയം ചെയ്തതായി ഐ.എസ്.ആർ.ഒ. ഒാർബിറ്ററിലെ എട്ടു പര്യവേക്ഷണ ഉപകരണങ്ങളും ഇപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യമായ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. പര്യവേക്ഷണം രണ്ടു വർഷം പൂർത്തിയായതിെൻറ ഭാഗമായി നടത്തിയ ചാന്ദ്ര ശാസ്ത്ര ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒാർബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങളിലൂടെ ലഭിച്ച ശാസ്ത്ര കണ്ടെത്തലുകളും വിവരങ്ങളും ചടങ്ങിൽ ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ സെക്രട്ടറിയുമായ ഡോ. കെ. ശിവൻ പുറത്തുവിട്ടു. ചന്ദ്രയാൻ-2 ദൗത്യത്തിൽനിന്നും കൂടുതൽ ശാസ്ത്രീയമായ വിശകലനവും കണ്ടെത്തലുകളും ഉണ്ടാകുന്നതിനാണ് ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പഠിക്കുന്നവർക്കുമായി ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒാർബിറ്റർ പകർത്തിയ ദൃശ്യങ്ങളും ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് മുതൽകൂട്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 100 കിലോമീറ്റർ അടുത്തവരെ ഭ്രമണം ചെയ്ത ഒാർബിറ്ററിൽനിന്നും ചന്ദ്രെൻറ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ ഉൾപ്പെടെ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.
2019 ജൂലൈ 22നാണ് ജി.എസ്.എൽ.വി മാർക്ക് മൂന്ന് റോക്കറ്റിൽ ശ്രീഹരികോട്ടയിൽനിന്നും ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്. തുടർന്ന് 2019 ആഗസ്റ്റ് 20ന് ഒാർബിറ്റർ ചന്ദ്രെൻറ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചു. ഇതിനുശേഷം 2019 സെപ്റ്റംബർ ഏഴിന് പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിങ് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.