ചന്ദ്രയാൻ ലക്ഷ്യത്തിലേക്ക്
text_fieldsബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ - മൂന്ന് ലക്ഷ്യത്തിലേക്കടുത്തു. വിക്രം ലാൻഡറും പ്രഗ്യാൻ റോവറുമടങ്ങുന്ന ലാൻഡർ മൊഡ്യൂളിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി.
ഞായറാഴ്ച പുലർച്ചെ 1.50 നായിരുന്നു ലാൻഡറിലെ രണ്ട് ത്രസ്റ്റർ എൻജിനുകൾ പ്രവർത്തിപ്പിച്ച് വേഗം കുറച്ച് രണ്ടാം ഭ്രമണപഥം താഴ്ത്തുന്ന ഡീബൂസ്റ്റിങ് നടന്നത്. ചന്ദ്രനിൽനിന്ന് കൂടിയത് 134 കിലോമീറ്ററും കുറഞ്ഞത് 25 കിലോമീറ്ററുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥമാണിത്. ചന്ദ്രനിലിറങ്ങാൻ അനുയോജ്യമായ ഏറ്റവുമടുത്ത ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ- മൂന്ന് ഇപ്പോൾ വലംവെക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.45 ഓടെ ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്താൻ ആരംഭിക്കും. 6.04ന് പ്രക്രിയ പൂർത്തിയാവും.
മൃദു ഇറക്കത്തിന് മുമ്പ് ലാൻഡർ മൊഡ്യൂളിലെ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും. ചന്ദ്രന് തിരശ്ചീനമായി സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂൾ ഭ്രമണപഥത്തിൽ ചന്ദ്രന് ഏറ്റവും അടുത്തെത്തുമ്പോൾ ലംബമാക്കി നിർത്തിയ ശേഷം ദക്ഷിണധ്രുവം ലക്ഷ്യമാക്കി ഇറങ്ങും. മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ വിപരീത ദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുക. ചന്ദ്രനിൽ സൂര്യപ്രകാശം പതിയുന്ന വേളയിൽതന്നെ മൃദുഇറക്കം നടത്തുകയാണ് ലക്ഷ്യം. സൂര്യപ്രകാശം ലഭിക്കുന്ന ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം) ആണ് ലാൻഡറിന്റെയും റോവറിന്റെയും പ്രവർത്തന കാലാവധി. ബുധനാഴ്ച പ്രതീക്ഷിച്ച പോലെ മൃദു ഇറക്കം നടത്താനായില്ലെങ്കിൽ ശ്രമം വ്യാഴാഴ്ചത്തേക്ക് മാറ്റും. ചന്ദ്രയാൻ- രണ്ട് ദൗത്യത്തിൽ ചന്ദ്രന് രണ്ടു കിലോമീറ്റർ അകലെയാണ് ലാൻഡറിന് സാങ്കേതിക തടസ്സം നേരിട്ട് ഇടിച്ചിറങ്ങിയത്. എന്നാൽ, മൂന്നാം ദൗത്യത്തിൽ സെൻസറുകൾ പരാജയപ്പെടുകയോ നാല് എൻജിനുകളിൽ രണ്ടെണ്ണം പ്രവർത്തിക്കാതാവുകയോ ചെയ്താൽ പോലും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ പാകത്തിനാണ് വിക്രം ലാൻഡർ രൂപകൽപന ചെയ്തതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ- മൂന്നിന്റെ മൃദു ഇറക്കം വിവിധ പ്ലാറ്റ്ഫോമുകളിൽ ലൈവായി കാണിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 5.27 മുതൽ ഐ.എസ്.ആർ.ഒ വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ്, ദൂരദർശൻ നാഷനൽ ചാനൽ എന്നിവയിൽ ലൈവായി കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.