ചാന്ദ്രയാൻ മൂന്ന് 2022ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം 2022ലേക്ക് മാറ്റി. 2020 അവസാനം വിക്ഷേപിക്കാനിരുന്ന ദൗത്യമാണ് മാറ്റിയത്. കോവിഡ് സാഹചര്യം ഐ.എസ്.ആർ.ഒയുടെ നിരവധി പദ്ധതികളെ ബാധിച്ചതായി ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. മനുഷ്യനെ വഹിച്ചുള്ള രാജ്യത്തിെൻറ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനും തടസ്സം നേരിട്ടിട്ടുണ്ട്. മുൻ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം ചാന്ദ്രയാന് ബഹിരാകാശത്ത് വലംവെക്കുന്ന ഓർബിറ്റർ ഉണ്ടാകില്ല.
ബാക്കിയെല്ലാം രണ്ടാം ദൗത്യത്തിന് സമാനമായിരിക്കുമെന്ന് ഡോ. ശിവൻ പറഞ്ഞു. ചന്ദ്രെൻറ ഉപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ചെറിയ ആറു ചക്രവാഹനം(റോവർ) ഇറക്കാനുള്ള ബൃഹദ് യത്നമായിരുന്നു ചാന്ദ്രയാൻ- രണ്ട്. എന്നാൽ, റോവറിനെ വഹിച്ച ലാൻഡറിന് ചന്ദ്രോപരിതലത്തിൽ കൃത്യമായി ഇറങ്ങാനായില്ല. ദൗത്യം വിജയിച്ചിരുന്നെങ്കിൽ ആദ്യ പരിശ്രമത്തിൽ തന്നെ ചന്ദ്രനിൽ പേടകം ഇറക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യക്ക് ലഭിക്കുമായിരുന്നു.
ഭൂമിക്കപ്പുറമുള്ള ഗ്രഹങ്ങളിൽ തുടർന്നും പേടകങ്ങളെ ഇറക്കാനുള്ള വലിയ ദൗത്യത്തിലേക്കുള്ള ചുവടുവെപ്പ് എന്ന നിലയിൽ ചാന്ദ്രയാൻ-മൂന്ന് ഇന്ത്യക്ക് നിർണായകമാണ്. മനുഷ്യനെയുമായി 'ഗഗൻയാൻ' പുറപ്പെടും മുമ്പ് ആളില്ലാതെ രണ്ട് വിക്ഷേപണങ്ങൾ നടക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഇതിൽ ആദ്യത്തേത് ഈ വർഷം ഡിസംബറിലുണ്ടാകും. മൂന്ന് പേരെയാണ് ബഹിരാകാശത്ത് അയക്കുന്നത്. ഇതിനായി നാല് പൈലറ്റുമാർ റഷ്യയിൽ പരിശീലനം നേടുന്നുണ്ട്. മനുഷ്യനെയും വഹിച്ചുള്ള ദൗത്യം എന്നായിരിക്കുമെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് ഡോ. ശിവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.