കേരളത്തിൽനിന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി; കൊങ്കൺ റൂട്ടിലെ ട്രെയിൻ സമയത്തിൽ മാറ്റം
text_fieldsമംഗളൂരു: മൺസൂൺ ട്രെയിൻ സമയപ്പട്ടിക നിലവിൽ വരുന്നതിന്റെ ഭാഗമായി കൊങ്കൺ റൂട്ടിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് സമയമാറ്റം. പുതിയ സമയക്രമം അനുസരിച്ച്, മംഗളൂരു സെൻട്രൽ-മുംബൈ എൽ.ടി.ടി മത്സ്യഗന്ധ എക്സ്പ്രസ് (12620), മംഗളൂരുവിൽനിന്ന് ഉച്ചക്ക് 2.20 ന് പകരം 12.45 ന് പുറപ്പെടും. തിരികെയുള്ള ട്രെയിൻ (12619) മംഗളൂരു സെൻട്രലിൽ രാവിലെ 7.40 ന് പകരം 10.10 ന് എത്തും.
മുംബൈ സി.എസ്.എം.ടി -മംഗളൂരു ജങ്ഷൻ സൂപ്പർഫാസ്റ്റ് (12133 ) ഉച്ചക്ക് 1.05 ന് പകരം 3.40 ന് മംഗളൂരുവിൽ എത്തും. മുംബൈ സി.എസ്.എം.ടി യിലേക്കുള്ള ട്രെയിൻ (12134 ) ഉച്ചക്ക് രണ്ടിന് പകരം വൈകുന്നേരം 4.35 ന് പുറപ്പെടും.
മംഗളൂരു സെൻട്രൽ -മഡ്ഗാവ് ഡെയ്ലി എക്സ്പ്രസ് സ്പെഷൽ (06602 ) പതിവുപോലെ മംഗളൂരു ജങ്ഷനിൽനിന്ന് പുലർച്ചെ 5.30 ന് പുറപ്പെട്ട് മഡ്ഗാവിൽ ഉച്ചക്ക് 1.10ന് പകരം 1.15 ന് എത്തും. 06601 നമ്പർ ട്രെയിൻ ഉച്ചക്ക് 1.50 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് മംഗളൂരു സെൻട്രലിൽ രാത്രി 9.30 ന് എത്തിച്ചേരും. നേരത്തേ രാത്രി 9.05 നാണ് എത്തിയിരുന്നത്.
തിരുവനന്തപുരം സെൻട്രൽ-മുംബൈ എൽ.ടി.ടി നേത്രാവതി എക്സ്പ്രസ് (16346 ) തിരുവനന്തപുരത്തുനിന്ന് പതിവുപോലെ രാവിലെ 9.15ന് പുറപ്പെടും. എന്നാൽ വഴിയിലെ സ്റ്റേഷനുകളിൽ 30 മിനിറ്റു മുതൽ ഒരു മണിക്കൂർവരെ നേരത്തേ കടന്നുപോകും. ഈ ട്രെയിൻ മംഗളൂരു ജങ്ഷനിൽ നിന്ന് രാത്രി 10.50 ന് പകരം 9.30 നാകും പുറപ്പെടുക. അടുത്തദിവസം വൈകുന്നേരം 5.05 മുംബൈ എൽ.ടി.ടിയിൽ എത്തും.
16345 നമ്പർ ട്രെയിൻ മുംബൈ എൽ.ടി.ടിയിൽ നിന്ന് പതിവുപോലെ രാവിലെ 11.40 ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 5.45 ന് മംഗളൂരു ജങ്ഷനിൽ എത്തും. നേരത്തെ പുലർച്ചെ 4.15 നാണ് എത്തിയിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം 6.05 പകരം രാത്രി 7.35 ന് എത്തും.
കൊങ്കൺ റൂട്ടിലൂടെയും മംഗളൂരു റെയിൽവേ മേഖലയിലൂടെയും ഓടുന്ന മിക്കവാറും എല്ലാ ട്രെയിനുകളുടെയും സമയം മാറുമെന്നും മൺസൂൺ അറിയിപ്പിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ യാത്ര സമയം പരിശോധിച്ച് ഉറപ്പാക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.
കേരളത്തിൽനിന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ശനിയാഴ്ചയിലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ചുവിട്ടു. ശനിയാഴ്ചയിലെ കന്യാകുമാരി-ഹൗറ വീക്ക്ലി സൂപ്പർഫാസ്റ്റ് (12666), ശനിയാഴ്ച വൈകീട്ട് 4.55ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ സൂപ്പർഫാസ്റ്റ് (22641) എന്നിവയാണ് റദ്ദാക്കിയത്. ശനിയാഴ്ചയിലെ കന്യാകുമാരി-ദിബ്രുഗർ വിവേക് സൂപ്പർഫാസ്റ്റ്(22503) ജാർസുഗുഡ വഴി തിരിച്ചുവിട്ടു. ഈ ട്രെയിൻ റദ്ദാക്കിയെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് വഴിതിരിച്ചുവിട്ട് സർവിസ് പൂർത്തിയാക്കാൻ തീരുമാനിച്ചു. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഹൗറ-എറണാകുളം അന്ത്യോദയ ( 22877)പൂർണമായും റദ്ദാക്കി.
കന്യാകുമാരി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് ആഴ്ചവണ്ടികളാണ് പ്രധാനമായും അപകടം നടന്ന ബാലസോർ വഴി കടന്നുപോകുന്നത്. പശ്ചിമ ബംഗാളിലേക്കടക്കമുള്ള അതിഥി തൊഴിലാളികളാണ് ഈ ട്രെയിനുകൾ ആശ്രയിക്കുന്നത്. അപകടം നടന്ന റൂട്ടിൽ കേരളത്തിൽനിന്നുള്ള അധിക ട്രെയിനുകളില്ലാത്തിനാൽ കാര്യമായ ഗതാഗത നിയന്ത്രണങ്ങൾക്ക് കേരളത്തിലെ യാത്രക്കാർ വിധേയാരായിട്ടില്ല.
സർവിസുകൾ പൂർണമായും റദ്ദാക്കുന്നതിന് പകരം വഴി തിരിച്ചുവിട്ട് സർവിസ് പൂർത്തിയാക്കുന്നതിനെ കുറിച്ചാണ് റെയിൽവേ ആലോചിക്കുന്നത്. ആന്ധ്രയിൽനിന്ന് ഒഡിഷ വഴി ബംഗാളിലേക്കുള്ള ട്രെയിനുകൾ ആന്ധ്രയിൽനിന്ന് ഖരഘ്പുർ വഴി ബംഗാളിലേക്ക് തിരിച്ചുവിട്ടാണ് ക്രമീകരണം. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.