ലഖ്നോ ഇനി ലക്ഷ്മൺപുരി?; സൂചന നൽകി യോഗി ആദിത്യനാഥിന്‍റെ ട്വീറ്റ്
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ലഖ്നോ നഗരത്തിന്‍റെ പേര് മാറ്റുമെന്ന സൂചന നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസ്ഥാന തലസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള യോഗിയുടെ തിങ്കളാഴ്ചയിലെ പോസ്റ്റാണ് ഊഹങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്. 'ഭഗവാൻ ലക്ഷ്മണന്‍റെ പാവന നഗരിയിലേക്ക് അങ്ങേക്ക് സ്വാഗതം' എന്നാണ് പോസ്റ്റിലുള്ളത്.
ലഖ്നോവിന്‍റെ പേര് മാറ്റുമെന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. ലഖ്നോവിനെ ലക്ഷ്മൺപുരിയാക്കുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ഇപ്പോൾ ഇത്തരമൊരു നീക്കമില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, ലഖ്നോവിൽ വലിയ ലക്ഷ്മണക്ഷേത്രം പണിയാനുള്ള പദ്ധതിയിലാണ് യോഗി സർക്കാർ. ലക്ഷ്മണ ക്ഷേത്രത്തിനായി ഒരേക്കർ സ്ഥലം വിട്ടുനൽകിയതായി ലക്ഷ്മൺ പീഠ് സേവാന്യാസ് അധ്യക്ഷൻ ധീരേന്ദ്ര വശിഷ്ഠ് നേരത്തെ പറഞ്ഞിരുന്നു. മുമ്പും ഉത്തർപ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് യോഗി സർക്കാർ മാറ്റിയിരുന്നു.
ഫൈസാബാദ് റെയിൽവേ സ്റ്റേഷനെ അയോധ്യ ഖാണ്ഡ് എന്നും, മുഗൾസാരായാ ജങ്ഷനെ പണ്ഡിറ്റ് ദീൻദയാൽ ഉപധ്യായ ജങ്ഷനെന്നും പുനർനാമകരണം ചെയ്തിരുന്നു. അലഹാബാദിനെ പ്രയാഗ് രാജെന്നും സംസ്ഥാന സർക്കാർ മാറ്റി. ബദൗൺ ജില്ലയിടെ പേര് വേദമൗ എന്നാക്കുമെന്ന സൂചനയും യോഗി നൽകി.
സുൽത്താൻപൂർ, മിർസാപൂർ, അലിഗഡ്, ഫിറോസാബാദ്, മെയിൻപുരി നഗരങ്ങളുടെ പേര് മാറ്റുമെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. സുൽത്താൽപൂരിനെ കുഷ്ഭവൻപൂർ, മെയിൻപുരിയെ മായൻനഗർ, അലിഗഢിനെ ഹരിഗഢ്, ഫിറോസാബാദിനെ ചന്ദ്രനഗർ, മിർസാപൂരിനെ വിന്ധ്യാധാം എന്നിങ്ങനെ പുനർനാമകരണം ചെയ്യുമെന്നാണ് പ്രചരണം. ഡൽഹിയിലെ പ്രമുഖറോഡുകളുടെ പേര് മാറ്റണമെന്നും ബി.ജെ.പി ആവശ്യമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.