ഡൽഹി, യുക്രെയ്ൻ: പ്രകോപനപരമായ റിപ്പോർട്ടിങ് ഒഴിവാക്കണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഡൽഹി കലാപം, യുക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങളുടെ റിപ്പോർട്ടിങ്ങിൽ പ്രകോപനകരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ടി.വി ചാനലുകൾക്ക് കർശന നിർദേശം നൽകി. പ്രകോപനപരവും സാമൂഹികമായി അസ്വീകാര്യവുമായ ഭാഷ പൂർണമായും ഒഴിവാക്കണം. 'പരമാണു പുടിൻ', 'അലി, ബലി ഓർ കൽബലി' തുടങ്ങിയ ചില തലക്കെട്ടുകൾ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ വിഷയത്തിൽ ടെലിവിഷൻ ചാനലുകൾ പതിവായി തെറ്റായ വിവരങ്ങൾ നൽകുകയും അന്താരാഷ്ട്ര ഏജൻസികളെ തെറ്റായി ഉദ്ധരിക്കുകയും ചെയ്യുന്നതായി സർക്കാർ കണ്ടെത്തി. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ സർക്കാർ നടപടിക്ക് ചാനലുകൾ വർഗീയ പരിവേഷം നൽകുന്നു. ഡൽഹി കലാപം സംബന്ധിച്ച ചർച്ചകൾ പലതും അസ്വീകാര്യവും അസഭ്യവുമാണ്. ചില അവതാരകരുടെ അത്യുക്തി കലർന്ന പ്രസ്താവനകളും നിന്ദാസൂചകമായ തലക്കെട്ടുകളും സ്ഥിരീകരിക്കാത്ത സി.സി ടി.വി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സുഹൃദ് രാഷ്ട്രങ്ങളെ അവമതിക്കൽ, മതം, സമൂഹം എന്നിവക്കെതിരായ ആക്രമണം, വർഗീയ വിദ്വേഷം വമിക്കുന്ന വാക്കുകൾ, ദൃശ്യങ്ങൾ എന്നിവയുടെ സംപ്രേഷണം ബന്ധപ്പെട്ട നിയമങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കേണ്ടതാണെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.