അമരീന്ദറിന്‍റെ പുതിയ പാർട്ടിയും സിദ്ദുവിന്‍റെ പിൻവാങ്ങലും; രാഹുലും ചരൺജിത് ചന്നിയും കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം തുടരുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പാർട്ടി നേരിടുന്ന പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു ചർച്ച. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്‍റെ പിൻവാങ്ങലും മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ പുതിയ പാർട്ടി രൂപീകരണവും ചർച്ചയായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമരീന്ദർ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് കോൺഗ്രസിലെ തിരക്കിട്ട നീക്കങ്ങൾ. അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുമെന്നും ബി.ജെ.പിയുമായി സഖ്യം ചേരുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇത്.
കഴിഞ്ഞദിവസം അമരീന്ദർ സ്വന്തം പാർട്ടി പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി പ്രത്യക്ഷ സഖ്യമാണ് അമരീന്ദറിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് അമരീന്ദറും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കർഷക സമരം ഒത്തുതീർപ്പാക്കിയാൽ അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്ന ഉപദേശവും സിങ് അമിത് ഷാക്ക് നൽകിയിരുന്നു.
അമരീന്ദറിലും ചില നേതാക്കളും പാർട്ടി വിടുേമ്പാഴുണ്ടാകുന്ന ദൂഷ്യവശങ്ങൾ ചന്നിയും രാഹുലും ചർച്ച ചെയ്തതായാണ് വിവരം. പാർട്ടി പുനഃസംഘടനയിൽ കോൺഗ്രസിലെ വലിയൊരു വിഭാഗം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തേ, ചന്നി അമരീന്ദറുമായി അടുപ്പമുള്ള എം.എൽ.എമാരുമായി ചർച്ച നടത്തിയിരുന്നു. അമരീന്ദർ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതോടെ എം.എൽ.എമാർ പുതിയ പാർട്ടിയിലേക്ക് ചേക്കേറുമോ എന്ന ആശങ്ക ഉയർന്നതോടെയായിരുന്നു ഇത്. ചൊവ്വാഴ്ച രാഹുൽ ഗാന്ധി ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിങ് രൺധാവ ഉൾപ്പെടെ നിരവധി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.