അല്ലാഹു അക്ബര്‍ ചൊല്ലുന്നത് വീട്ടില്‍ മതി; ഇവിടെ ജീവിക്കാന്‍ ജയ്ശ്രീറാം വിളിക്കണമെന്ന് ആര്.എസ്.എസ് നേതാവ്
text_fieldsബംഗളൂരു: അല്ലാഹു അക്ബര്‍ ചൊല്ലുന്നത് വീട്ടില്‍ വെച്ച് മതിയെന്ന് ആര്.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ഹിജാബ് വിലക്ക് നീക്കം ചെയ്യുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭട്ടിന്‍്റെ വിമര്‍ശനം. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ക്കിടെ ഹിജാബ് ധരിച്ച് സ്കൂളിലെത്തി അല്ലാഹു അക്ബര്‍ ചൊല്ലിയ ബിബി മുസ്കാനെയും ഭട്ട് വിമര്‍ശിച്ചിരുന്നു.
ഹിജാബ് വിലക്ക് നീക്കുമെന്ന സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ തനിക്ക് ഇനി ധൈര്യമായി കോളേജില്‍ തിരിച്ചെത്താമെന്ന് മുസ്കാന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. അല്ലാഹു അക്ബര്‍ ചൊല്ലുന്നത് വീട്ടിലോ പള്ളിയിലോ വെച്ച് മതിയെന്നും ഇവിടെ തുടരണമെങ്കില്‍ ജയ്ശ്രീറാം വിളിക്കണമെന്നുമായിരുന്നു പ്രഭാകര്‍ ഭട്ടിന്റെ പ്രതികരണം. ഹനുമാന് ജയന്തി ദിനവുമായി ബന്ധപ്പെട്ട് നടന്ന റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹിജാബ് നിരോധനം പിന്‍വലിക്കട്ടെയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് (ശിരോവസ്ത്രം) മുൻ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്ന് നേരത്തെ സിദ്ധരാമയ്യ സർക്കാർ വ്യക്തമാക്കിയിരുന്നു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗക്കാരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനായാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. അതിൽ വിട്ടുവീഴ്ച ചെയ്യുന്ന കാര്യം ഉദിക്കുന്നേയില്ല -സിദ്ധരാമയ്യ വ്യക്തമാക്കി.
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കുകയും സുപ്രീംകോടതിയിൽ ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യുന്നതോടെ കേസിന് അറുതിയായേക്കും. ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരെ വിദ്യാർഥിനികളുടേതടക്കം 25 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. ഈ ഹരജികൾക്ക് ആധാരമായ സർക്കാർ ഉത്തരവുതന്നെ പിൻവലിക്കപ്പെടുന്നത് കേസിന് ഗുണകരമാവും. 2021 ഡിസംബറിൽ ഉഡുപ്പി ഗവ. പി.യു കോളജിൽ ഹിജാബ് വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദത്തിന്റെ തുടക്കം. 2022 ഫെബ്രുവരി അഞ്ചിന് എല്ലാ കോളജുകളിലും ഹിജാബ് വിലക്കി ബി.ജെപി സർക്കാർ ഉത്തരവിട്ടു. ഇതിനെതിരെ വിദ്യാർഥിനികൾ സമർപ്പിച്ച ഹരജി 2022 മാർച്ച് 15ന് തള്ളിയ കർണാടക ഹൈകോടതി, സർക്കാർ ഉത്തരവ് ശരിവെച്ചു. വിദ്യാർഥിനികൾ നൽകിയ അപ്പീലിൽ മാസങ്ങൾ നീണ്ട വാദപ്രതിവാദത്തിന് ശേഷം 2022 ഒക്ടോബർ 13ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് നിലവിൽ ചീഫ് ജസ്റ്റിസിന് മുന്നിലാണ്. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിടുമെന്ന് കഴിഞ്ഞ ജനുവരിയിൽ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. സുപ്രീംകോടതിയിൽ കേസ് അനന്തമായി നീളവെയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ സുപ്രധാന നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.