ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ല - ഐ.എം.എ.
text_fieldsആധുനിക വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് കൈക്കൊള്ളുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റാൻ നാഷണൽ മെഡിക്കൽ കമ്മിഷൻ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് ഐ.എം.എ. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപം നൽകിയ പ്രതിജ്ഞ, 1948 - ൽ ആധുനിക ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പരിഷ്കരിക്കുകയും ജനീവ പ്രഖ്യാപനം എന്ന പേരിൽ ആഗോള തലത്തിൽ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കാലികവും ധാർമ്മികവുമായ മാറ്റങ്ങൾ യഥാവസരങ്ങളിൽ വരുത്തി എഴു പ്രാവശ്യം ജനീവ പ്രഖ്യാപനം പുതുക്കിയിട്ടുമുണ്ട്. 2017-ൽ പുതുക്കിയ പ്രതിജ്ഞാ വാചകങ്ങളാണ് ഇപ്പോൾ ഉപയോഗത്തിലുള്ളതെന്നും ഐ.എം.എ അവരുടെ പ്രസ്താവനയിൽ പറയുന്നു.
നാഷണൽ മെഡിക്കൽ കമ്മീഷൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്ര കാഴ്ചപ്പാടിൽ രൂപം നൽകിയതല്ല. ഇത്തരം പ്രതിജ്ഞകൾ ആഗോള കാഴ്ചപ്പാടിലും വർണ്ണവംശ ലിംഗ ജാതീയ കാഴ്ചപ്പാടുകൾക്ക് അതീതവുമാകണം. മനുഷ്യ നന്മക്കായി ഉദ്ദേശിച്ചുള്ള ഇത്തരം പ്രതിജ്ഞകൾ ആധുനിക ശാസ്ത്രത്തിന്റെ നിരന്തരമായ ചോദ്യം ചെയ്യലിന്റേയും തെറ്റുതിരുത്തലിന്റേയും കാഴ്ചപ്പാടിനുതകുന്ന താകണമെന്നും പ്രസ്താവനയില പറയുന്നു.
സ്ത്രീ രോഗികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോൽസാഹിപ്പിക്കുന്നതും ശാസ്ത്രീയരീതികൾക്ക് അനുയോജ്യമല്ലാത്തതും പ്രാദേശികതയിൽ അധിഷിതവുമായ പല കാര്യങ്ങളും ചരക പ്രതിജ്ഞ അനുശാസിക്കുന്നു. ഈപ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയിൽ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും, ആധുനിക ചികിത്സാ മേഖലയെ തന്നെ പിന്നോട്ടു നയിക്കുന്നതിനും ഇടയാക്കും എന്ന് ആശങ്കപ്പെടുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇത്തരം തെറ്റായ നിലപാടുകൾ തിരുത്തുന്നതിനുള്ള സത്വര നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം ശക്തമായി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.