പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു
text_fieldsഅമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിക്ക് പുറമെ രണ്ടു ഉപമുഖ്യമന്ത്രിമാരും ചുമതലയേറ്റു. സുഖ്ജീന്ദർ സിങ് രൺധാവ, ഒ.പി. സോണി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ.
കോൺഗ്രസിന്റെ പഞ്ചാബിലെ ദലിത് മുഖമാണ് ചന്നി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അമരീന്ദർ സിങ് രാജിവെച്ചതോടെയാണ് ചന്നിക്ക് മുഖ്യമന്ത്രിയായി നറുക്ക് വീണത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചന്നി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു. അമരീന്ദർ സിങ്ങും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും തമ്മിൽ മാസങ്ങളായി തുടരുന്ന തർക്കത്തിന് പരിഹാരം കാണാൻ സാധിക്കാതെ വന്നതോടെ ഏറെ വിമർശനങ്ങളേറ്റുവാങ്ങിയ നേതാവായിരുന്നു രാഹുൽ ഗാന്ധി.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന് അമരീന്ദർ സിങ് വിട്ടുനിന്നു. ഇതോടെ പഞ്ചാബ് കോൺഗ്രസിൽ പുതിയ പ്രതിസന്ധികളുടെ തുടക്കമാകുമിതെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.
സംസ്ഥാനത്ത് കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി ചരൺജിത് സിങ് ചന്നിയെ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ട്വിറ്ററിൽ കുറിച്ചിരുന്നു. അമരീന്ദർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോൺഗ്രസ് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്.
അമ്പത്തെട്ടുകാരനായ ചരൺജിത് സിങ് ചന്നി, അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്നു. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പു വരുന്ന സംസ്ഥാനത്ത് ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിശ്വാസം. അധികാരത്തിലെത്തിയാൽ ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പിയും ദലിത് ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ശിരോമണി അകാലിദളും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.