പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം; ഡി.എൻ.എ പരിശോധനഫലം ഇനിയുമായില്ലെന്ന്
text_fieldsമുംബൈ: ബിഹാർ സ്വദേശിനിയായ 33കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചൊവ്വാഴ്ച അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഇംറാൻ ആർ. മാർച്ചിച്ചക്കു മുമ്പാകെ ബിനോയിയെ കുറ്റം വായിച്ചു കേൾപ്പിച്ചു. ബലാത്സംഗം, വഞ്ചന, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376, 376 (2 എൻ), 420, 504, 506 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കുറ്റം ചുമത്തിയത്. പരാതിക്കാരിക്കും മകനും ബിനോയ് വിസ അയച്ചതും ബാങ്കിടപാടും മുംബൈയിൽ യുവതിയെ വാടകക്ക് പാർപ്പിച്ച ഫ്ലാറ്റിെൻറ ഉടമയുടെ മൊഴിയുമാണ് പൊലീസ് തെളിവായി കണ്ടെത്തിയതെന്നാണ് സൂചന.
യുവതിയുടെ മകെൻറ പിതൃത്വവുമായി ബന്ധപ്പെട്ട ഡി.എൻ.എ പരിശോധനഫലം ഇനിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. ബോംബെ ഹൈകോടതിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ ജൂലൈയിൽ ബിനോയ് ഡി.എൻ.എ പരിശോധനക്കു വിധേയനായത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ നൽകിയിട്ടില്ല. റിപ്പോർട്ട് വൈകുന്നതിനെ തുടർന്ന് ബിനോയിയുടെ ഹരജി പരിഗണിക്കുന്നത് ഹൈേകാടതി അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്.ഇതിനിടയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് യുവതി പരാതി നൽകിയത്. ജനുവരി 21ന് ദീൻദോഷി കോടതിയിൽ വിചാരണ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.