കുറ്റപത്രം പൊതുരേഖയല്ല: എഫ്.ഐ.ആർ പോലെ വെബ്സൈറ്റിൽ ലഭ്യമാക്കാനാവില്ല
text_fieldsന്യൂഡൽഹി: ക്രിമിനൽ കേസുകളിലെ കുറ്റപത്രങ്ങൾ പൊതുരേഖകളല്ലെന്ന് സുപ്രീംകോടതി. പൊലീസ്, സി.ബി.ഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ സമർപ്പിക്കുന്ന കുറ്റപത്രങ്ങൾ പൊതുജനങ്ങൾക്കും ലഭിക്കാൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികളുടെയോ സർക്കാറിന്റെയോ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ സൗരവ് ദാസ് ആണ് ഹരജി നൽകിയത്. ലൈംഗികാതിക്രമം പോലുള്ള കുറ്റകൃത്യമല്ലെങ്കിൽ കേസിന്റെ എഫ്.ഐ.ആർ 24 മണിക്കൂറിനകം പൊലീസിന്റെയോ സർക്കാറിന്റെയോ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന സുപ്രീംകോടതി വിധി കുറ്റപത്രങ്ങൾക്കും ബാധകമാക്കണമെന്ന് ഹരജിക്കാരനുവേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചത് അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രതികളെ എഫ്.ഐ.ആർ നൽകാതെ പ്രയാസപ്പെടുത്താതിരിക്കാനാണ് ഇത് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താനാവശ്യപ്പെട്ടത്. പൊതുജനങ്ങൾക്ക് കുറ്റപത്രം ലഭ്യമാക്കാൻ സുപ്രീംകോടതിയുടെ ഈ വിധി മാനദണ്ഡമാക്കാനാവില്ല.
കുറ്റപത്രം പൊതുവായി പരസ്യപ്പെടുത്തുന്നത് പ്രതിയുടെയും ഇരയുടെയും അന്വേഷണ ഏജൻസിയുടെയും അവകാശങ്ങളുടെ ലംഘനമാകും. കുറ്റപത്രവും അനുബന്ധ രേഖകളും പൊതുരേഖകളല്ല. വസ്തുതകളുടെ പിൻബലമില്ലാത്ത ആരോപണങ്ങൾപോലും എഫ്.ഐ.ആറുകളായി വെബ്സൈറ്റിൽ ലഭിക്കുമ്പോൾ അന്വേഷണത്തിനൊടുവിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തരുതെന്ന് പറയാൻ ന്യായമില്ലെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചിരുന്നു. വാദം കേൾക്കുമ്പോൾതന്നെ ഇത് ഖണ്ഡിച്ച ബെഞ്ച്, കുറ്റപത്രങ്ങൾ എല്ലാവർക്കും നൽകാനാവില്ലെന്നും ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയാൽ സർക്കാറിതര സന്നദ്ധ സംഘടനകൾ അവ ദുരുപയോഗം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.