ചെക്ക് കേസ്: കോണ്‍ഗ്രസ് എം.എല്‍.എക്ക് 49 ലക്ഷം പിഴ
text_fieldsബംഗളൂരു: കോണ്‍ഗ്രസ് നേതാവും മാലൂര്‍ എം.എല്‍.എയുമായ കെ.വൈ. നഞ്ചെഗൗഡക്ക് കോടതി 49.6 ലക്ഷം രൂപ പിഴ വിധിച്ചു. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന കേസുകള്‍ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് പിഴ വിധിച്ചത്.കരിങ്കൽ ക്രഷറിന്‍റെ ആവശ്യത്തിനായി കടം വാങ്ങിയ തുക തിരിച്ചുനല്‍കുന്നതിനായി നല്‍കിയ ചെക്ക് മടങ്ങിയ സംഭവത്തിലാണ് നടപടി.മുൻ ഡെപ്യൂട്ടി കമീഷണറും നഞ്ചെഗൗഡയുടെ സൃഹൃത്തുമായിരുന്ന രാമചന്ദ്രയാണ് കോടതിയെ സമീപിച്ചത്. നഞ്ചെഗൗഡയുടെ ഉടമസ്ഥതയിലുള്ള നഞ്ചുണ്ടേശ്വര സ്‌റ്റോണ്‍ ക്രഷറിന്‍റെ ആവശ്യത്തിന് 40 ലക്ഷം രൂപ രാമചന്ദ്ര നഞ്ചെഗൗഡക്ക് കടമായി നല്‍കിയിരുന്നു.
നഞ്ചെഗൗഡയുടെ മാനേജര്‍മാരായ വിനോദ്, സതീഷ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. 2018ലും 2019ലും കടം തീര്‍ക്കുന്നതിന്‍റെ ഭാഗമായി രണ്ട് ചെക്കുകള്‍ നഞ്ചെഗൗഡ രാമചന്ദ്രക്ക് കൈമാറി.എന്നാല്‍, പണം ബാങ്കില്‍ നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇക്കാര്യം നഞ്ചെഗൗഡയെ അറിയിച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
ഇതോടെയാണ് രാമചന്ദ്ര കോടതിയെ സമീപിച്ചത്. മാനേജര്‍മാരും രാമചന്ദ്രയും തമ്മിലുള്ള ഇടപാടില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു നഞ്ചെഗൗഡയുടെ വാദം. എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല.നഞ്ചെഗൗഡ പിഴയിനത്തില്‍ അടക്കുന്ന തുക പരാതിക്കാരന് കൈമാറണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.