പ്രഭാകർ സെയിൽ പറഞ്ഞത് പച്ചക്കള്ളം, അയാൾക്ക് ലഭിച്ച വാഗ്ദാനങ്ങൾ ഫോൺ പരിശോധിച്ചാൽ അറിയാം -ഗോസാവി
text_fieldsമുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ തനിക്കെതിരെ ആരോപണമുന്നയിച്ച പ്രഭാകർ സെയിൽ നുണ പറയുകയാണെന്ന് പുണെ പൊലീസ് അറസ്റ്റു ചെയ്ത കെ.പി. ഗോസാവി. അറസ്റ്റിന് മുമ്പ് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. മയക്കുമരുന്ന് കേസിൽ ഗോസാവിയും പ്രഭാകർ സെയിലും സാക്ഷികളാണ്. ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ ഗോസാവിയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ചേർന്ന് ശ്രമിക്കുകയാണെന്നായിരുന്നു പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ ആരോപിച്ചത്.
'പ്രഭാകർ സെയിൽ നുണ പറയുകയാണ്. പ്രഭാകർ സെയിലിന്‍റെയും രണ്ട് സഹോദരന്മാരുടെയും ഫോൺവിളി വിവരങ്ങളും ചാറ്റുകളും പുറത്തുവിടണമെന്ന് ഞാൻ അഭ‍്യർഥിക്കുകയാണ്. എന്‍റെ ഫോൺവിളി വിവരങ്ങളും ചാറ്റുകളും ഞാൻ പുറത്തുവിടാം. എല്ലാ കാര്യങ്ങളും വ്യക്തമാകട്ടെ. എത്രയോ പണം കൈപ്പറ്റിയിട്ടാണ് പ്രഭാകർ സെയിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ അയാൾക്ക് എന്തെല്ലാം വാഗ്ദാനങ്ങൾ ലഭിച്ചെന്ന് ഫോൺ രേഖകളിൽ വ്യക്തമാകും' -ഗോസാവി വിഡിയോയിൽ പറഞ്ഞു. 2018ലെ വഞ്ചനാകേസുമായി ബന്ധപ്പെട്ടാണ് ഗോസാവിയെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗോസാവിയുടെ അംഗരക്ഷകനായിരുന്നു പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രഭാകർ സെയിൽ ആരോപിച്ചത്. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.
'നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം'- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയൽ ചെയതതെന്നും പ്രഭാകർ സെയിൽ പറയുന്നു.
എന്നാൽ, വാങ്കഡെയുമായി ചേർന്ന് അങ്ങനെയൊരു നീക്കം നടന്നിട്ടില്ലെന്നും കപ്പലിലെ റെയ്ഡിന് മുമ്പ് അദ്ദേഹത്തെ പരിചയമില്ലെന്നുമാണ് ഗോസാവി പറയുന്നത്. ആര്യൻ ഖാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് റെയ്ഡ് നടന്ന ദിവസം ആര്യന്‍റെ രക്ഷിതാക്കളെയും മാനേജരെയും വിളിച്ചതെന്നും ഗോസാവി പറഞ്ഞിരുന്നു. പ്രഭാകർ സെയിലിന്‍റെ ആരോപണം സമീർ വാങ്കഡെയും നിഷേധിച്ചു. എന്നാൽ, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വാങ്കഡെക്കെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.