ഗ്യാസ് ചോർച്ച പരിശോധിക്കാനെന്ന വ്യാജേന വീട്ടിൽ കയറി; വീട്ടമ്മയെ കെട്ടിയിട്ട് മൂന്നു ലക്ഷം രൂപയുടെ സ്വർണം കവർന്നു
text_fieldsമുംബൈ: ഗ്യാസ് ചോർച്ച പരിശോധിക്കാനെന്ന വ്യാജേന കവർച്ചക്കാർ ഘാട്‌കോപ്പർ മേഖലയിൽ വീട്ടിനുള്ളിൽ കടന്ന് വീട്ടമ്മയെ കെട്ടിയിട്ട് മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു.
ഘട്‌കോപ്പർ വെസ്റ്റിൽ താമസിക്കുന്ന വീട്ടമ്മയായ ഹേമലത ഗാന്ധി (52) വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. വൈകുന്നേരം 4:30 ഓടെ മഹാനഗർ ഗ്യാസ് കമ്പനിയിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട രണ്ടുപേർ ഗ്യാസ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയതാണെണന്ന് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. ശേഷം വീട്ടിൽ പ്രവേശിച്ച രണ്ടുപേരും ചേർന്ന് ഹേമലത ഗാന്ധിയെ കെട്ടിയിടുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് വീട്ടമ്മയെ തറയിൽ ഇരിക്കാൻ നിർബന്ധിച്ചു. നിലവിളിക്കാതിരിക്കാൻ അവരുടെ വായിൽ തൂവാല കെട്ടിയെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അവരുടെ സ്വർണ വളകൾ, താലിമാല എന്നിവയടക്കം മൊത്തത്തിൽ മൂന്ന് ലക്ഷം രൂപയുടെ ആഭരണം കവർന്നാണ് കവർച്ചക്കാർ തിരിച്ചുപോയത്. 25-30 വയസ് പ്രായമുള്ളവർ ഹിന്ദിയിൽ സംസാരിക്കുന്നവരാണെന്നും അവർ ആക്രമിക്കുകയും മുഖത്തും വലത് കണ്ണിലും പരിക്കേൽപ്പിക്കുകയും ചെയ്തതായും വീട്ടമ്മ പറഞ്ഞു.
സംഭവത്തിന് ശേഷം ഭർത്താവിനെ വിവരമറിയിക്കുകയും ദമ്പതികൾ ഘട്കോപ്പർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും മുൻകാല ക്രിമിനൽ റെക്കോർഡുകൾ പരിശോധിക്കാനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.