കുനോ നാഷനൽ പാർക്കിൽനിന്ന് ഓടിപ്പോയ ചീറ്റയെ തിരിച്ചെത്തിച്ചു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ നിന്ന് വഴിതെറ്റി പുറത്തുകടന്ന ആൺ ചീറ്റയെ ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിച്ചു. വനമേഖവലയിൽ നിന്ന് ഓടിപ്പോയ ഒബാൻ എന്ന ചീറ്റയെ ഗ്രാമത്തോട് ചേർന്ന വയലിൽ കണ്ടെത്തിയിരുന്നു. അവടെനിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന ചീറ്റയെ വീണ്ടും കുനോ പാർക്കിലേക്ക് തുറന്നുവിട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളിൽ ഒന്നായ ഒബാൻ ഏപ്രിൽ രണ്ടിനാണ് കുനോ നാഷനൽ പാർക്കിൽ നിന്ന് വഴിതെറ്റിപ്പോയതെന്നും വ്യാഴാഴ്ച വൈകീട്ടോടെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
"പാർക്കിൽ നിന്ന് മാറിയതിന് ശേഷം ഒബാൻ സമീപ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്നു. ബുധനാഴ്ച വിജയ്പൂരിലെ ഝദ് ബഡോറ, പാർവതി ബഡോഡ പ്രദേശങ്ങൾ വഴി ശിവപുരി ജില്ലയിലെ ബൈരാദ് പ്രദേശത്തെത്തിയ ചീറ്റ വിശന്നതിനാൽ ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി" ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ പി.കെ വർമ പറഞ്ഞു. ചീറ്റയെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഒബാനെ പൽപുർ വനമേഖലയിലേക്കാണ് പുനരധിവസിപ്പിച്ചത്.
അതേസമയം ആശ എന്ന് പേരുള്ള മറ്റൊരു ചീറ്റയും വന മേഖലയിൽ നിന്നു പുറത്തുകടന്നതായി റിപ്പോർട്ടുണ്ട്. ആശ കുനോ പാർക്കിന്‍റെ സംരക്ഷിത മേഖലയിലൂടെ അലഞ്ഞുനടക്കുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡി.എഫ്.ഐ അറിയിച്ചു.
70 വർഷം മുമ്പ് രാജ്യത്ത് നിന്ന് നാമാവശേഷമായ ചീറ്റയെ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 2022 സെപ്തംബർ 17ന്
നമീബിയയിൽ നിന്ന് എട്ടു ചീറ്റകളെയാണഅ കൊണ്ടുവന്നത്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും. ഇതിൽ സഷ എന്ന പെൺചീറ്റ കഴിഞ്ഞ മാർച്ച് 27ന് അന്ത്യശ്വാസം വലിച്ചു. സിയയ എന്ന ചീറ്റ ഒരു കുഞ്ഞിന് ജന്മം നൽകി. ഈ വർഷം ഫെബ്രവരി 18ന് സൗത്ത് ആഫ്രിക്കയിൽനിന്ന് 12 ചീറ്റകളെയും കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.