'നൈജീരിയ'യിൽ നിന്നെത്തിച്ച ചീറ്റകളാണ് ലംപി വൈറസ് കൊണ്ടുവന്നതെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: 'നൈജീരിയ'യിൽനിന്ന് എത്തിച്ച ചീറ്റകളാണ് ഇന്ത്യയിലേക്ക് ലംപി വൈറസ് കൊണ്ടുവന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ. കർഷകർക്ക് നഷ്ടമുണ്ടാക്കാൻ കേന്ദ്രസർക്കാർ മനഃപൂർവം ചെയ്തതാണിതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ കന്നുകാലികളിൽ ലംപി വൈറസ് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പരാമർശം.
''വളരെക്കാലമായി നൈജീരിയയിൽ ലംപി വൈറസ് നിലനിൽക്കുന്നുണ്ട്. അവിടെ നിന്നാണ് ചീറ്റകളെയും കൊണ്ടുവന്നത്. കർഷകർക്ക് നഷ്ടമുണ്ടാക്കാൻ കേന്ദ്രസർക്കാർ മനഃപൂർവം ചെയ്തതാണിത്''-പടോലെ പറഞ്ഞു.
എന്നാൽ നാന പടോലെയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. പടോലെയെ മഹാരാഷ്ട്രയിലെ രാഹുൽ ഗാന്ധിയെന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാവ് ശെഹബാസ് പൂനെവാലെ നൈജീരിയയിൽ നിന്നല്ല, നമീബിയയിൽ നിന്നാണ് ചീറ്റകൾ വന്നതെന്നും നൈജീരിയയും നമീബിയയും വ്യത്യസ്ത രാജ്യങ്ങളാണെന്ന് അദ്ദേഹത്തിനറിയില്ലെന്നും പറഞ്ഞു. കോൺഗ്രസ് നിരന്തരം ഇത്തരം കള്ളങ്ങളും കുപ്രചാരണങ്ങളും പ്രചരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പടോലെയെ രൂക്ഷമായി വിമർശിച്ചു. ചീറ്റപ്പുലികളെ എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് പോലും നാന പടോലെക്ക് അറിയില്ലെന്നും കാര്യങ്ങൾ അറിയാതെ സംസാരിക്കുന്നത് അദ്ദേഹത്തിന് ഒരു വിനോദമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.